എട്ടാം തവണയും ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍കമ്പനിയായി ഖത്തര്‍ എയര്‍വേസ്
|
ദോഹ: എട്ടാം തവണയും ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി ദോഹ ആസ്ഥാനമായ ഖത്തര്‍ എയര്‍വേസ്. ലണ്ടനില്‍ നടന്ന 2024ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ വച്ചാണ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്‌സ് തെരഞ്ഞെടുക്കപ്പെട്ടത്. വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ എട്ടാം തവണയാണ് ഖത്തര്‍ എയര്‍വെയ്‌സ് ഈ ബഹുമതി സ്വന്തമാക്കുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനിനെ രണ്ടാം സ്ഥാനത്തേക്കും എമിറേറ്റ്‌സിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയാണ് ഈ നേട്ടം.
ഈ വര്‍ഷം രണ്ടാം സ്ഥാനത്തെത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ നിന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് കിരീടം തിരിച്ചുപിടിച്ചത്. 11ാം തവണ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, 6ാം തവണ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, 12ാം തവണ മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്നിവയ്ക്കുള്ള അംഗീകാരങ്ങളും എയര്‍ലൈന്‍സിന് ലഭിച്ചു.
സ്‌കൈട്രാക്‌സിന്റെ ചരിത്രത്തില്‍ അതേ വര്‍ഷം തന്നെ മികച്ച എയര്‍ലൈന്‍, മികച്ച എയര്‍പോര്‍ട്ട്, ഷോപ്പിംഗിനുള്ള മികച്ച എയര്‍പോര്‍ട്ട് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ഏവിയേഷന്‍ ഗ്രൂപ്പായി ഖത്തര്‍ എയര്‍വെയ്‌സ് മാറി. ലോകത്തിലെ 350 വിമാനക്കമ്പനികളില്‍ നിന്നാണ് ഖത്തര്‍ എയര്‍വേസ് ഈ നേട്ടം സ്വന്തമാക്കിയത്. 100ലേറെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഓണ്‍ലൈന്‍ വഴി നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തത്.
അവാര്‍ഡില്‍ അഭിമാനവും നന്ദിയും പ്രകടിപ്പിക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. മികച്ച സേവനവും യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നൂതന മാര്‍ഗങ്ങളുമാണ് ഖത്തര്‍ എയര്‍വെയ്‌സ് നിറവേറ്റുന്നത്. മാത്രമല്ല, തുടര്‍ച്ചയായ നവീകരണവും ഈ നേട്ടത്തിന് അര്‍ഹരാക്കിയെന്നും ബദര്‍ അല്‍മീര്‍ പറഞ്ഞു.
Qatar Airways voted World’s Best Airline for eighth time


