ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു നേരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കടുത്ത അതിക്രമങ്ങളാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി. (‘PM Modi preaches consensus, values confrontation’, says Sonia Gandhi ) ആരോപണങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് അവരെ വിരട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സോണിയ കുറ്റപ്പെടുത്തി. ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുടെ പ്രതികരണം.
|
‘ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമവും ഭീഷണിയും അങ്ങേയറ്റം തീവ്രമായിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആരോപണങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഒരു നടപടിക്രമവും ഇക്കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല. കൂട്ടായ ശിക്ഷ കൊണ്ട് അവരെ പീഡിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി പറഞ്ഞ നിര്‍ലജ്ജമായ കള്ളങ്ങളും സാമുദായിക നിന്ദയും പരിഗണിക്കുമ്പോള്‍ ഇതൊട്ടും അത്ഭുതപ്പെടുത്തുന്നതല്ല. തെരഞ്ഞെടുപ്പ് കൈയില്‍ നിന്ന് വഴുതിപ്പോകുമെന്ന് ഭയന്നാണ് അദ്ദേഹം ഈ വാചകക്കസര്‍ത്ത് നടത്തിയത്. പ്രധാനമന്ത്രിപദത്തില്‍ ഇരിക്കുന്ന ഒരാളുടെ അന്തസ്സിന് നിരക്കുന്നതായിരുന്നില്ല അത്’ – അവര്‍ എഴുതി.
‘സമവായം പ്രസംഗിക്കുന്നു, ഏറ്റുമുട്ടല്‍ പ്രേരിപ്പിക്കുന്നു’ എന്ന തലക്കെട്ടിലാണ് സോണിയയുടെ ലേഖനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിഭജനത്തിനും വിദ്വേഷത്തിനുമെതിരെയാണ് ജനം വിധിയെഴുതിയത്. എന്നിട്ടും ഒന്നും മാറിയിട്ടില്ലെന്ന തരത്തിലാണ് പ്രധാനമന്ത്രി പെരുമാറുന്നത്. അദ്ദേഹം സമവായം പ്രസംഗിക്കുകയും ഏറ്റുമുട്ടല്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തില്‍ മാറ്റം വരുമെന്ന് ആഗ്രഹിച്ചവര്‍ക്ക് നിരാശപ്പെടേണ്ട സാഹചര്യമാണുള്ളതെന്ന് സോണിയ എഴുതി.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാത്തതിനെയും സഭയില്‍ അടിയന്തരാവസ്ഥ പരാമര്‍ശിച്ചതിനെയും സോണിയ വിമര്‍ശിച്ചു. ഭരണഘടനയ്ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നത്. 1977 മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ രാജ്യം വിധിയെഴുതിയിട്ടുണ്ട്. അത് അസന്നിഗ്ധമായി അംഗീകരിക്കപ്പെട്ടതാണെന്നും സോണിയ വ്യക്തമാക്കി.





