21
Jun 2024
Sun
21 Jun 2024 Sun
ICC T20 World Cup Team india

17 വര്‍ഷത്തിനു ശേഷം ശേഷം വീണ്ടും ടി20 കപ്പടിച്ച് ഇന്ത്യ. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ ഐസിസി കിരീടം.(ICC T20 world cup: India vs South Africa match updates)  ഒരുഐസിസി കപ്പിനായുള്ള 11 വര്‍ഷത്തെ കാത്തിരിപ്പാണ് രോഹിത്തും സംഘവും അവസാനിപ്പിച്ചത്. രാഹുല്‍ ദ്രാവിഡ് ടീം കോച്ചായി എത്തിയശേഷം ഇന്ത്യ നേടുന്ന ആദ്യത്തെ ഐസിസി കപ്പ്. ഈ മാച്ചിന് ശേഷം വിരമിക്കാനിരിക്കേ ഇന്ത്യന്‍ ടീം രാഹുലിന് നല്‍കുന്ന സമ്മാനമാണ് ഈ കിരീടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫൈനലില്‍ അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിട്ടത്. കൈവിട്ട മത്സരം അവസാന ഓവറുകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ തിരിച്ചുപിടിക്കുകയായിരുന്നു.

ആദ്യ ലോകകപ്പ് ഫൈനലില്‍ കിരീടം മോഹിച്ചെത്തിയ എയ്ഡന്‍ മാര്‍ക്രത്തിനും സംഘത്തിനും കണ്ണീരോടെ മടങ്ങാനായിരുന്നു വിധി. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചില്‍ ഇന്ത്യ ജീവന്‍ തിരികെ പിടിച്ചു. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കംതന്നെ പതറി. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സിനെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കി. പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ മാര്‍ക്രത്തെ വിക്കറ്റ് കീപ്പര്‍ പന്ത് കൈയ്യിലൊതുക്കി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്ക 12-2 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റണ്‍ സ്റ്റബ്സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സ്പിന്നര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോര്‍ അമ്പത് കടത്തി. വൈകാതെ കൂട്ടുകെട്ടും അമ്പത് കടന്നു.

എന്നാല്‍ 70 ല്‍ നില്‍ക്കേ ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 21 പന്തില്‍ നിന്ന് 31 റണ്‍സെടുത്താണ് സ്റ്റബ്സ് മടങ്ങിയത്. പിന്നാലെ ഹെന്റിച്ച് ക്ലാസനിറങ്ങി. ക്ലാസനുമായി ചേര്‍ന്നാണ് ഡി കോക്ക് പിന്നീട് ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. പത്തോവറില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ്് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലായിരുന്നു. ക്ലാസനും ട്രാക്കിലായതോടെ പ്രോട്ടീസ് സ്‌കോര്‍ 12-ാം ഓവറില്‍ നൂറുകടന്നു.

ക്ലാസന്‍ വമ്പനടികളുമായി കളം നിറഞ്ഞതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചു. അക്‌സര്‍ എറിഞ്ഞ 15ാം ഓവറില്‍ രണ്ടു സിക്‌സടക്കം 22 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ ഓവറില്‍ അക്‌സര്‍ രണ്ട് വൈഡും എറിഞ്ഞിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷയും കൈവിട്ടു. 23 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

വെടിക്കെട്ടോടെ ഇരുവരും ചേര്‍ന്ന് 15 ഓവറില്‍ ടീമിനെ 147 ലെത്തിച്ചു. പിന്നെ കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 17-ാം ഓവറില്‍ ക്ലാസനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കി. 27 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. മൂന്നോവറില്‍ 22 റണ്‍സായി ലക്ഷ്യം. അടുത്ത ഓവറില്‍ ബുംറ യാന്‍സന്റെ വിക്കറ്റെടുത്തു. പിന്നാലെ രണ്ടോവറില്‍ 20 റണ്‍സ് ലക്ഷ്യം. അര്‍ഷ്ദീപിന്റെ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. അതോടെ അവസാന ഓവറില്‍ 16 റണ്‍സ് ലക്ഷ്യം. ഹാര്‍ദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ മില്ലര്‍ മടങ്ങി. സൂര്യകുമാറിന്റെ സൂപ്പര്‍ ക്യാച്ചില്‍ കളി മാറി. ഒടുക്കം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബുംറയും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്തു.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 7 വിക്കറ്റില്‍ 176 റണ്‍സാണ് നേടിയത്. വെടിക്കെട്ട് ബാറ്റിങുമായി കളി തുടങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി. പിറകേ പന്തും, സൂര്യ കുമാറും ഔട്ടായി. മോശം ഫോമിന്റെ പേരില്‍ ടൂര്‍ണമെന്റില്‍ ഉടനീളം വിമര്‍ശനം ഏറ്റുവാങ്ങിയ കോഹ്ലിയുടെ അര്‍ധസെഞ്ച്വറിയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീം ഇന്ത്യയെ നയിച്ചത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്.

രണ്ടു സിക്‌സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. അക്‌സര്‍ പട്ടേല്‍ 31 പന്തില്‍ 47 റണ്‍സെടുത്തു. തുടക്കത്തിലെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പതറുമ്പോഴാണ് കോഹ്ലിയും അക്‌സറും ക്രീസില്‍ ഒന്നിക്കുന്നത്. ഇരുവരും നാലാം വിക്കറ്റില്‍ നേടിയ 72 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അഞ്ചു പന്തില്‍ ഒമ്പതു റണ്‍സെടുത്താണ് രോഹിത്ത് പുറത്തായത്.

പന്ത് റണ്ണൊന്നും എടുക്കാതെയും സൂര്യകുമാര്‍ മൂന്നു റണ്‍സുമായും മടങ്ങി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.