ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എല്ലാ മോഡല്‍ സ്മാര്‍ട്ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും ഒരേ തരത്തിലുള്ള ചാര്‍ജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍.(Union Govt likely to mandate common charger for all devices) 2025 മുതലാകും ഈ നയം നടപ്പിലാക്കുക. നേരത്തെ യൂറോപ്യന്‍ യൂണിയനും സമാന നയം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ആപ്പിള്‍, തങ്ങളുടെ ലൈറ്റ്‌നിങ് കേബിള്‍ മാറ്റി ടൈപ് സി പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
|
ഇ-മാലിന്യം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഒരു കേബിള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നത്. ലാപ്ടോപ്പ് നിര്‍മാതാക്കള്‍ക്കും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും 2026 ഓടെയാണ് ഇത് പ്രാബല്യത്തില്‍ വരിക. സ്മാര്‍ട് വാച്ചുകള്‍, ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് നിര്‍ദേശം ബാധകമാവില്ല.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ചാര്‍ജര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി 2022 ആഗസ്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിദഗ്ധ സംഘത്തെ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു ഇത്.
ഒരേ മോഡല്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നതിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ നയം നിലവില്‍ വരുന്നതോടെ സ്മാര്‍ട്ഫോണിനും, ലാപ്ടോപ്പിനും ടാബിനും മറ്റ് ഉപകരണങ്ങള്‍ക്കുമായി ഒരു ചാര്‍ജര്‍ മാത്രം കയ്യില്‍ കരുതിയാല്‍ മതിയാവും.





