ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മനി): യൂറോ കപ്പിന്റെ നോക്കൗണ്ട് മല്‍സരങ്ങളില്‍ ഇന്നലെ നടന്നത് തീപാറും പോരാട്ടങ്ങള്‍. കരുത്തരായ ബെല്‍ജിയത്തെ അവസാന നിമിഷങ്ങളില്‍ ലഭിച്ച സെല്‍ഫ് ഗോളില്‍ മറികടന്ന് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് കുതിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക നീണ്ട പോര്‍ച്ചുഗല്‍-സ്ലോവേനിയ മല്‍സരത്തില്‍ മിന്നും താരമായി ഗോള്‍ കീപ്പര്‍ ഡിയഗോ കോസ്റ്റ.
|
ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ സ്ലോവേനിയന്‍ ചെറുത്തുനില്‍പ്പിനെ മറികടക്കാന്‍ പോര്‍ച്ചുഗലിന് പെനല്‍റ്റി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന വിഖ്യാത താരത്തെ ഒരു നാട് മുഴുവന്‍ പഴിച്ചേക്കാവുന്ന അവസ്ഥയില്‍ നിന്ന് രക്ഷിച്ചെടുത്തത്. ഡിയഗോ കോസ്റ്റയെന്ന കാവല്‍ക്കാരന്റെ അതിശയ മെയ്വഴക്കം.
അധികസമയവും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ നൂല്പാലത്തില് വിധിയെഴുതിയ കളിയില്‍ സ്ലോവേനിയയുടെ ചെറുത്തുനില്പിനെ 3-0ത്തിന് മറികടന്ന പോര്‍ചുഗല്‍ യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ടൈബ്രേക്കറില്‍ എതിരാളികളെടുത്ത മൂന്നു കിക്കുകളും തട്ടിയകറ്റി കോസ്റ്റ കാഴ്ചവെച്ച വിസ്മയപ്രകടനം നായകന് ക്രിസ്റ്റ്യാനോക്ക് നല്‍കിയത് അതിരറ്റ ആഹ്ലാദം. ഗോള്‍ശൂന്യമായ 90 മിനിറ്റിനുശേഷം കളി അധിക സമയത്തെത്തിയപ്പോള്‍ പോര്‍ചുഗലിന് ലഭിച്ച പെനാല്‍ട്ടി കിക്ക് റൊണാള്‍ഡോ പാഴാക്കിയിരുന്നു. ഷൂട്ടൗട്ടില്‍ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നെങ്കില്‍ റൊണാള്‍ഡോ പഴി കേള്‍ക്കേണ്ടി വരുമായിരുന്നിടത്ത് കോസ്റ്റ മൂന്നുവട്ടം പന്ത് പറന്നുപിടിച്ച് വിജയശില്പിയാവുകയായിരുന്നു.

ഈമാസം ആറിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഫ്രാന്‍സാണ് പോര്‍ചുഗലിന്റെ എതിരാളികള്‍. കിലിയന്‍ എംബാപ്പെയും റൊണാള്‍ഡോയും നായകരായി നേര്‍ക്കുനേര്‍ അണിനിരക്കും.
ഒരു പെനാല്‍റ്റി മിസ്, പിന്നാലെ വിജയ കിക്കുകള്‍
അധികസമയത്തേക്കു നീണ്ട കളിയുടെ 103-ാം മിനിറ്റിലാണ് ക്രിസ്റ്റ്യനോ പെനാല്‍റ്റി പാഴാക്കിയത്. പന്തുമായി ബോക്സില്‍ ഡ്രിബ്ള്‍ ചെയ്തു കയറിയ ഡിയഗോ ജോട്ടയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി എടുക്കാന്‍ നായകന് ക്രിസ്റ്റ്യാനോയാണ് നെഞ്ചുവിരിച്ചെത്തിയത്. കഴിഞ്ഞ കുറേ കളികളില്‍ സ്പോട്ട് കിക്കുകളൊന്നും പാഴാക്കിയിട്ടില്ലാത്ത ക്രിസ്റ്റ്യാനോ തൊടുത്ത പെനാല്‍റ്റി കിക്കിനെ തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റിയയത് ഗാലറി അവിശ്വസനീയതയോടെ നോക്കിക്കണ്ടു. കണ്ണീരില്‍ കുതിര്‍ന്ന റൊണാള്‍ഡോയെയാണ് അധിക സമയത്തിന്റെ ഇടവേളയില്‍ കാമറക്കണ്ണുകളില്‍ കണ്ടത്.
പിന്നാലെ, സ്ലോവേനിയന്‍ സ്ട്രൈക്കര്‍ ബെഞ്ചമിന്‍ സെസ്കോക്ക് ലഭിച്ച സുവര്‍ണാവസരവും പോര്‍ച്ചുഗലിന്റെ ഭാഗ്യമായി. പെപെ വഴുതിവീണപ്പോള്‍ അപ്രതീക്ഷിതമായി പന്തെടുത്ത് കുതിച്ച സെസ്കോക്കു മുന്നില്‍ ഗോളി മാത്രം. ഇവിടെയും രക്ഷകനായത് ഡിയഗോ കോസ്റ്റയെന്ന സൂപ്പര്‍ ഗോളി.
അധിക സമയത്തെ പെനാല്‍റ്റി പാഴാക്കിയതൊഴിച്ചു നിര്‍ത്തിയാല്‍, പ്രായത്തെ തോല്‍പ്പിക്കുന്ന റൊണാള്‍ഡോയുടെ പന്തടക്കവും ഊര്‍ജവും മത്സരത്തിലെ ആവേശക്കാഴ്ചയായി. പലതവണ താരം ഗോളിന് തൊട്ടരികിലെത്തുകയും ചെയ്തു.
അവസാന നിമിഷത്തെ സെല്‍ഫ് ഗോള്‍

കരുത്തരായ ബെല്‍ജിയത്തിനെതിരേ ഒരറ്റ ഗോളിന്റെ മികവില്‍ ഫ്രഞ്ച് പട ക്വാര്‍ട്ടറിലേക്ക് ഇടിച്ചുകയറി. 85ാം മിനിറ്റില്‍ ബെല്‍ജിയം ഡിഫന്‍ഡര്‍ വെട്രോഗന്റെ കാലിലൂടെ പിറന്ന സെല്‍ഫ്ഗോളാണ് ഫ്രാന്‍സിനെ ജയിപ്പിച്ചത്.
ലോക റാങ്കിങ്ങില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഫ്രാന്‍സിന് തന്നെയായിരുന്നു മുന്‍തൂക്കം. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും മാര്‍കസ് തുറാമും അന്റോണിയോ ഗ്രീസ്മാനും നയിച്ച ഫ്രഞ്ച് മുന്നേറ്റ നിര ബെല്‍ജിയം ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
18 ഗോള്‍ ശ്രമങ്ങളാണ് ഫ്രാന്‍സിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍, ലക്ഷ്യത്തിലെത്തും മുന്‍പ് ബെല്‍ജിയം പ്രതിരോധം തടഞ്ഞിട്ടു. അലമാല കണക്കെയുള്ള ഫ്രഞ്ച് മുന്നേറ്റങ്ങള്‍ക്കിടയില്‍ തിരിച്ചൊരു നീക്കത്തില്‍ ബെല്‍ജിയം സ്ട്രൈക്കര്‍ ലുക്കാക്കുവിന്റെ ഷോട്ട് മെയ്ഗ്നന്റെ കാലില്‍ തട്ടി ലക്ഷ്യം തെറ്റി. 83ാം മിനിറ്റില്‍ കെവിന് ഡിബ്രുയിന്റെ പൊള്ളുന്ന ഷോട്ട് ഗോളി അപായകരമായി തട്ടിയകറ്റി.
കളി ഏറെ കുറേ എക്സട്രാ ടൈമിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഫ്രാന്‍സിന് അവസാന ചിരി സമ്മാനിച്ച് ഫ്രഞ്ച് സ്ട്രൈക്കര്‍ റണ്ടാല്‍ കോലമൗനിയെത്തയത്. പകരക്കാരനായി കളത്തിലിറങ്ങിയ കോലമൗനി 85ാം മിനിറ്റിലാണ് വല കുലുക്കിയത്.


