30
Jul 2024
Thu
30 Jul 2024 Thu
office reels

പത്തനംതിട്ട: ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തും മന്ത്രി എംബി രാജേഷും. (Comment about govt official reels in office)  റീല്‍സ് ചിത്രീകരിച്ചതിന് തിരുവല്ല നഗരസഭയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമം അനുശാസിക്കാതെ തന്നെ അധിക സമയം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ടെന്നും അത്തരത്തിലുള്ള ജീവനക്കാര്‍ ഞായറാഴ്ച്ച പൊതുസ്ഥലത്ത് വച്ച് ഒരു കലാസൃഷ്ടി നടത്തുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘ഒമ്പത് മണിക്ക് മുന്നെയും, അഞ്ച് മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലുമൊക്കെ കുറച്ച് സര്‍ക്കാറുദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് നിയമം അനുശാസിക്കുന്നത് കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത് പല ഉദ്യോഗസ്ഥരും രാത്രി ഏറെ വൈകിയാണ് ഓഫീസ് വിട്ട് പോകുന്നത്. ആ കുറച്ച് പേര്‍ക്ക് അങ്ങനെ തോന്നുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്,’ എന്‍. പ്രശാന്ത് പറഞ്ഞു.

അങ്ങനെ ചട്ടങ്ങള്‍ക്കപ്പുറം മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവര്‍ ഒരോളത്തില്‍ എന്‍ജോയ് ചെയ്ത് പണിയെടുക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തില്‍, പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമ പരിജ്ഞാനം. എത്രയോ ഉയര്‍ന്ന തസ്തികയിലിരിക്കുന്നവര്‍ ജോലിസമയത്തും, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത് കൂട്ടുന്നതിനെക്കാള്‍ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലര്‍ത്തുന്നതുമാണ് ഇവരുടെ കലാസൃഷ്ടിയെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ പിന്തുണച്ച് കൊണ്ട് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷും രംഗത്തെത്തി. റീല്‍സ് ചിത്രീകരിച്ചവര്‍ക്കെതിരേ നടപടി എടുക്കില്ലെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച ദിവസമാണ് റീല്‍സ് തയ്യാറാക്കിയതെന്ന് വ്യക്തമായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാവും. എന്നാല്‍ ഇവയെല്ലാം ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നഗരസഭാ റവന്യൂ വിഭാഗത്തിലെ വനിതകള്‍ ഉള്‍പ്പടെയുള്ള എട്ട് ജീവനക്കാര്‍ക്ക് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.