ദോഹ: ഗസാ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബാര്‍നിയ ഖത്തറിലേക്കു തിരിച്ചു. (Head of Mossad travels to Doha for ceasefire talks ) ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനിയുമായി ബാര്‍നിയ കൂടിക്കാഴ്ച്ച നടത്തും. ഹമാസിന്റെ കൈയിലുള്ള ബന്ദികളെ കൈമാറുന്നതിന് പകരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനാണ് ബാര്‍നിയ എത്തുന്നത്.
|
ബന്ദികളെ കൈമാറുന്നതിന് ഹമാസ് വ്യവസ്ഥകളില്‍ ഇളവ് വരുത്തിയതായി നേരത്തേ യുഎസ്, ഇസ്രായേലി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് വീണ്ടും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവമാക്കിയത്. കരാര്‍ നടപ്പില്‍ വരുത്തുന്നതിന് ചില തടസ്സങ്ങള്‍ കൂടി ബാക്കി ഉണ്ടെങ്കിലും അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹമാസുമായി ധാരണയിലെത്തുന്നതിന് വലിയ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ അനുരഞ്ജന ചര്‍ച്ചാ സംഘവുമായി ബന്ധപ്പെട്ടവര്‍ വ്യാഴാഴ്ച്ച അറിയിച്ചിരുന്നു. പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ മധ്യസ്ഥര്‍ വഴി ഹമാസ് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ഇസ്രായേല്‍ പ്രതികരണം.
ഹമാസുമായുള്ള കരാര്‍ ഏത് വിധേനയും അംഗീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍ സൈന്യമെന്ന് ഇസ്രായേല്‍ പ്രാദേശിക ടെലിവിഷനായ ചാനല്‍ 14 റിപോര്‍ട്ട് ചെയ്തു. കരയാക്രമണം അവസാനിപ്പിച്ച് നിശ്ചിത ടാര്‍ജറ്റുകള്‍ മാത്രം കേന്ദ്രീകരിച്ചുള്ള രീതിയിലേക്ക് സൈന്യം മാറുമെന്നാണ് സൂചനകള്‍.
അതേസമയം, വെടിനിര്‍ത്തല്‍ നീക്കം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവസാന നിമിഷം അട്ടിമറിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയാലേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് നെതന്യാഹു. കരാര്‍ അംഗീകരിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നെതന്യാഹുവുമായി സംസാരിച്ചതായി വൈറ്റ് ഹൈസ് അറിയിച്ചു.





