27
Jul 2024
Sat
27 Jul 2024 Sat
kerala fever

അഞ്ച് ദിവസമായി പുറത്തുവിടാതിരുന്ന പനിബാധിതരുടെ കണക്ക് പ്രസിദ്ധീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. (Number of fever cases in Kerala rising rapidly ) പനിബാധിച്ച് ചികില്‍സ തേടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് പതിനായിരത്തിലധികം രോഗികളാണ്. ഏറ്റവും അധികം പനിബാധിതര്‍ മലപ്പുറം ജില്ലയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ മാത്രം പനി ബാധിച്ച രോഗികളുടെ എണ്ണം 11,438 ആണ്. 2159 പേരാണ് മലപ്പുറം ജില്ലയില്‍ പനി ബാധിതരായത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. മൂന്നു പേരാണ് ഇന്നലെ പനിബാധിച്ച് മരിച്ചത്.

സാധാരണ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ 330 പേര്‍ ചികിത്സ തേടിയപ്പോള്‍ 109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കി കേസുകളുടെ വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുദിവസമായി രോഗികളുടെ കണക്ക് സംബന്ധിച്ചുള്ള വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് ഊഹാപോഹങ്ങളും പ്രതിഷേധവും ഉയരവേയാണ് ഇന്ന് രാവിലെയോടെ മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്‌സൈറ്റ് വഴി പുറത്തുവിട്ടത്.