കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത് പത്തംഗ സംഘമെന്ന് പോലീസ്. കേസില്‍ രണ്ടു പേര് കസ്റ്റഡിയിലായിട്ടുണ്ട്. (Thamarassery Kindap: harshad-was-abducted-by-a-ten-member-gang-two-people-are-in-custody) ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതികളുടേതെന്ന് കരുതുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|
മൂഴിക്കല്‍ സ്വദേശി ഹര്‍ഷാദിനെ ശനിയാഴ്ചയാണു കാണാതായത്. താമരശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയ ഹര്‍ഷാദ് ഫോണ്‍കോള്‍ വന്നതിനു പിന്നാലെ വീടിനു പുറത്തേക്കു പോയി. പിന്നീട് തിരിച്ചെത്തിയില്ല. ഞായറാഴ്ച ഹര്‍ഷാദിനെ കാണാനില്ലെന്നു ഭാര്യ പൊലീസില്‍ പരാതി നല്കി. പിന്നാലെ ഹര്‍ഷാദിനെ വിട്ടയയ്ക്കണമങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് ഫോണ്‍ വന്നു. തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയയ്ക്കാന് പണം നല്‍കണമെന്നും ഹര്‍ഷാദ് അറിയിച്ചു.
തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയും ചെയ്തു. ഈ അന്വേഷണം നടക്കവേയാണ് ഇന്നലെ ഹര്‍ഷാദിനെ കണ്ടെത്തുന്നത്. ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് പൊലീസ് വൈത്തിരിയില്‍ എത്തും എന്നറിഞ്ഞ സംഘം ഇവിടെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഹര്‍ഷദിനെ വൈത്തിരി ടൗണില്‍ കൊണ്ടുവിടുകയായിരുന്നു.
തുടര്‍ന്ന് വൈത്തിരിയില്‍ നിന്ന് ഹര്‍ഷാദ് ബസില്‍ കയറി അടിവാരത്തെത്തി. ഇവിടെ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇന്ന് ഹര്‍ഷദിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇതിന് ശേഷമാകും ബന്ധുക്കള്‍ക്കൊപ്പം അയയ്ക്കുക.
ഹര്‍ഷാദിന്റെ കാര്‍ പൊലീസ് കണ്ടെത്തി. കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു കരുതുന്നു.


