|
കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 47 ആയി. ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണിത്. എഴുപതോളം പേര്‍ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടകൈയില്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാനായിട്ടില്ല. ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. അവിടുത്തെ വിവരങ്ങള്‍ കൂടി പുറത്തുവരുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പിന്നീട് പുലര്‍ച്ചെ 4.10 ഓടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായതായും റിപ്പോര്‍ട്ട്. നിരവധിയാളുകള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
PRD മീഡിയ കൺട്രോൾ റൂം തുറന്നു
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പിആർഡി ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും തുറന്നു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണു മീഡിയ കൺട്രോൾ റൂം പ്രവർത്തിക്കുക.
വയനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ പിആർഡിയുടെ കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖരൻ എന്നിവരുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി റഷീദ് ബാബുവിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പി ആർ ഡിയുടെ അസിസ്റ്റന്റ് എഡിറ്റർമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർമാർ തുടങ്ങിയവരടങ്ങുന്ന സംഘം 24 മണിക്കൂറും കൺട്രോൾ റൂമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിർവഹിക്കും.
വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ – 0483-2734387
സെക്രട്ടേറിയറ്റിലെ പിആർഡി പ്രസ് റിലീസ് വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനതല മീഡിയ കൺട്രോൾ റൂമിൽനിന്ന് സംസ്ഥാനതലത്തിലുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും അറിയിപ്പുകളുടേയും ഏകോപനം നിർവഹിക്കും.
സംസ്ഥാനതല മീഡിയ കൺട്രോൾ റൂം നമ്പർ – 0471 2327628, 2518637
മന്ത്രി എകെ ശശീന്ദ്രന്‍ ചൂരല്‍മലയില്‍
മന്ത്രി എ.കെ ശശീന്ദ്രന്‍ ചൂരല്‍മലയില്‍ എത്തി, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.
കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തി
വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്.
അതീവ ദുഃഖമെന്ന് അമിത് ഷാ
അതീവ ദുഃഖം രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് എന്‍ഡിആര്‍എഫ് രണ്ടാം സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ അറിയിച്ചു.
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. മ!ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.
ജില്ലാതല കണ്‍ട്രോള്‍ റൂം
ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും.എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, എന്‍.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വയനാട്ടിലേക്കെത്തുന്നു.
രക്ഷാ ദൗത്യത്തിന് സൈന്യം
ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തും. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുക. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനിയും ഉടന്‍ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഇതുവരെ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെ ആകെ അംഗബലം മെഡിക്കല്‍ ഉദ്യോഗസ്ഥരടക്കം ഏകദേശം 225 ആണ്.
മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു. എല്ലാ സഹായങ്ങളും ഉറപ്പുനല്‍കി
അഞ്ച് മന്ത്രിമാര്‍ വയനാട്ടിലെത്തുന്നു
വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സംഭവസ്ഥലത്തെത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അല്പസമയത്തിനകം സ്ഥലത്തെത്തും. റെവന്യു, പൊതുമരാമത്ത്, പട്ടിക ജാതി പട്ടികവര്‍ഗം വകുപ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗം വയനാട്ടിലെത്തും.
മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.അതിനിടെ വയനാട്ടിലെ ഉരുള്‍പൊട്ടിലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസഹായം ഉറപ്പ് നല്‍കി.


