തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അനുമതി നല്‍കണമെന്ന് ഖാദര്‍ കമ്മിറ്റി രണ്ടാം റിപ്പോര്‍ട്ട്. (Khader Committee to allow student politics in schools) ഹൈകോടതി ഡിവിഷന് ബെഞ്ച് വിധിയിലൂടെ നിരോധിച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരിച്ചുകൊണ്ടുവരണമെന്നാണ് നിര്‍ദേശം.
|
മാര്‍ഗരേഖ തയാറാക്കി ആശയാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘം ചേരുന്നതിന് അനുമതി നല്‍കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനാധിപത്യ സംവിധാനത്തിലെ പാഠ്യപദ്ധതി ആരാഗ്രഹിച്ചാലും രാഷ്ട്രീയ മുക്തമാക്കാന്‍ കഴിയില്ല. ഇക്കാര്യങ്ങള്‍ നീതിന്യായ സംവിധാനങ്ങളുടെ ശ്രദ്ധയിലും കൊണ്ടുവരണം.
ആശയാടിസ്ഥാനത്തിലുള്ള രാഷ്ട്രീയവേദികള്‍ ഇല്ലാതായത് കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നത് സൂക്ഷ്മമായി പരിശോധിക്കണം. കുട്ടികളില്‍ വര്‍ധിക്കുന്ന ആത്മഹത്യാ പ്രവണതകളും വിഷാദരോഗത്തിന് കരണമായുള്ള പ്രശ്നങ്ങളും കാണാതെ പോകരുത്.
കുട്ടികളുടെ ആശയാടിസ്ഥാനത്തിലുള്ള സംഘംചേരല്‍ ആത്മഹത്യ, വിഷാദരോഗ പ്രവണതകള്‍, ലഹരി അടിമത്തം തുടങ്ങിയവ കുറക്കുമെന്നാണ് നിരീക്ഷണം. ഇത് പഠനവിധേയമാക്കണം. രാഷ്ട്രീയാശയ നിലപാടുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനാധിപത്യസംവിധാനത്തില്‍ എങ്ങനെ പെരുമാറണമെന്ന അനുഭവ പാഠങ്ങള്‍ പ്രായത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണം.
സ്കൂള്‍ സമയം നേരത്തെ ആക്കിയാല്‍ മദ്രസാ നടത്തിപ്പിനെ ബാധിക്കുമെന്ന് സമസ്ത
കേരളത്തിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ശിക്ഷാര്ഹമാണെന്ന്് ഹൈകോടതി ഡിവിഷന് ബെഞ്ച് വിധി പ്രകാരം 2003 നവംബര്‍ 10ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
12ാം ക്ലാസുവരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞുവരുന്ന വിദ്യാര്‍ഥി ഭരണഘടന പ്രകാരം വോട്ടവകാശമുള്ള പൗരന് ആയി മാറും. വിദ്യാഭ്യാസമെന്നത് ജീവിക്കുന്ന സമൂഹത്തിലെ എല്ലാവിധ സാമൂഹിക ചലനങ്ങളിലും ഭരണഘടനാനിര്ദേശങ്ങള്ക്കു വിധേയമായി പങ്കെടുക്കാനും ജീവിതം നയിക്കാനുള്ള ഒരു പരിശീലനം കൂടിയാണെന്നും കമ്മിറ്റി അഭിപ്രായപ്പെടുന്നു.
ജനാധിപത്യ രീതിശാസ്ത്രം കുട്ടികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയും വിധം സ്കൂള്‍ പാര്‍ലമെന്റ് അഞ്ചാം ക്ലാസ് മുതല്‍ നിര്‍ബന്ധമാക്കണം. സ്കൂളിലുള്ള വിവിധ ക്ലബുകളുടെ പ്രവര്‍ത്തനാസൂത്രണം, നിര്‍വഹണം, പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ എന്നിവ സ്കൂള്‍ പാര്‍ലമെന്റ് ചുമതലയാകണം. സ്കൂളുകളില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനക്ക് പൊതുരൂപവും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുമാര്ഗരേഖയും വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്ദേശിമുണ്ട്.


