28
Aug 2024
Thu
28 Aug 2024 Thu

ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം ആയിട്ട് 78 വർഷം. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാനായി ജീവൻ നൽകിയ ഓരോ രക്തസാക്ഷിയെയും നമ്മൾ ഈ സമയം ഓർക്കുന്നു. സ്വതന്ത്രത്തിൻ്റെ അർത്ഥവും ആശയവും നഷ്ടപ്പെട്ടെന്ന സംവാദങ്ങൾക്കിടെ ആണ് ഒരു ഓഗസ്റ്റ് 15 കൂടി കടന്നുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമാകും പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തുക. തുടർന്ന് അദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടന്നു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ വാഹന പരിശോധന കർശനമാക്കി. രാജ്യതലസ്ഥാനത്തും ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണിന്ന്. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികൾ ആരിലാണ് സന്തോഷവും അഭിമാനവും നിറയ്ക്കാത്തത്. എന്നാൽ, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് വയനാട്ടിലെ ദുരന്തം. അവ ഏൽപ്പിക്കുന്ന ആഘാതം ഇന്ന് വളരെ വലുതാണ്. 77 കൊല്ലങ്ങൾക്കു മുമ്പ് നമ്മുടെ രാജ്യം സ്വതന്ത്രമാകുമ്പോൾ ഇത്തരം പ്രതിസന്ധികളെ കുറിച്ച് ലോകത്തിനുതന്നെ അത്ര അവബോധം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഭരണഘടനാ ശില്പികളുടെ ശ്രദ്ധയിൽ അത്തരം വിഷയങ്ങൾ കടന്നുവന്നതുമില്ല. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഭരണഘടനാ ഭേദഗതികളിലൂടെയും നിയമനിർമ്മാണങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണം എന്നത് നമ്മിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്തമായി മാറി.

ആഗോളതലത്തിൽത്തന്നെ കൂട്ടായ ഇടപെടലുകളിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂ. എന്നാൽ, പ്രാദേശിക തലങ്ങളിൽത്തന്നെ അതിനുതകുന്ന മുൻകൈകൾ ആത്മാർത്ഥതയോടെ ഏറ്റെടുക്കാൻ നമുക്കു കഴിയേണ്ടതുണ്ട്. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന നിലയിലേക്കു നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്. അതിനുള്ള തുടക്കം ഈ 78-ാം സ്വാതന്ത്ര്യദിനത്തിൽ നമുക്കു കുറിക്കാൻ കഴിയണം.

സ്വാതന്ത്ര്യസമര പ്രസ്ഥാനവും നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളും സമാന്തരമായാണ് നമ്മുടെ നാട്ടിൽ വികസിച്ചത്. അവ മുന്നോട്ടുവെച്ച മാനുഷികവും പുരോഗമനോന്മുഖവുമായ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് നമ്മുടെ രാഷ്ട്രസങ്കൽപം രൂപപ്പെട്ടത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വികസന – ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനും തുല്യനീതിയും അവസരസമത്വവും ഉറപ്പാക്കാനും ഈ രാഷ്ട്ര സങ്കൽപം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ, സ്വാതന്ത്ര്യസമര – പുരോഗമന പ്രസ്ഥാനങ്ങൾ ലക്ഷ്യംവെച്ച നേട്ടങ്ങളിലേക്ക് പൂർണ്ണമായി എത്തിച്ചേരാൻ നമുക്കിന്നും കഴിഞ്ഞിട്ടില്ല. എല്ലാ കാര്യത്തിലും മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്നല്ല ഇതിനർത്ഥം. എന്നാലതേസമയം ചില കാര്യങ്ങളിൽ നമ്മുടെ നില ഇന്നും നിരാശാജനകമാണ് എന്നത് നാം അംഗീകരിച്ചേ മതിയാവൂ. അവയ്ക്കു പരിഹാരം കാണാനും സ്വാതന്ത്ര്യസമര പുരോഗമന പ്രസ്ഥാനങ്ങൾ ലക്ഷ്യമിട്ട നേട്ടങ്ങളിലേക്ക് എത്തിച്ചേരാനും നമ്മെ പുനരർപ്പിക്കേണ്ട അവസരമാണ് ഈ 78-ാം സ്വാതന്ത്ര്യദിനം.

വൈവിധ്യങ്ങളുടെ ഒരു വലിയ സമന്വയമാണ് ഇന്ത്യ എന്ന രാഷ്ട്രം. നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പുതന്നെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ സങ്കൽപത്തിലൂന്നിയതാണ്. എന്നാൽ, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇന്ന് ചില കോണുകളിൽ നിന്ന് ഉണ്ടാവുകയാണ്. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഏകതാനതയിലേക്ക് ചുരുങ്ങാൻ ശ്രമിച്ച നമ്മുടെ അയൽരാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഈ ഘട്ടത്തിൽ നമുക്ക് പാഠമാകേണ്ടതുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ആരാധനക്രമം പിന്തുടരാനും നിർഭയമായി ഓരോ ഇന്ത്യാക്കാരനും കഴിയുന്ന സ്ഥിതി ഈ നാട്ടിൽ നിലനിൽക്കണം. അത് ഉറപ്പുവരുത്തുക എന്നതാവും നമ്മുടെ ധീരദേശാഭിമാനികൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം.

ദേശാതിർത്തികളെ അതിലംഘിച്ചുകൊണ്ടു മാത്രമല്ല, അധിനിവേശത്തിന്റെ ജീർണ സംസ്‌കാരം കടന്നുവരുന്നത്. അധിനിവേശത്തെ, എല്ലാ തലത്തിലും ചെറുക്കാൻ കഴിയുക സ്വന്തമെന്ന നിലയ്ക്ക് അഭിമാനിക്കാൻ തനിമയുള്ള ചിലതുണ്ട് എന്ന് തിരിച്ചറിയുമ്പോഴും അവ നഷ്ടപ്പെടുത്തിക്കൂടാ എന്ന അഭിമാനബോധം ഉണരുമ്പോഴുമാണ്. അതുണർത്താൻ നമ്മുടെ സ്വാതന്ത്ര്യസമര സ്മൃതികൾക്ക് കഴിയട്ടെ. നഷ്ടപ്പെടാൻ വിലപ്പെട്ടതായി ഒന്നുമില്ലെന്നു കരുതുന്ന ഒരു ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴടക്കാം. നഷ്ടപ്പെടുത്തിക്കൂടാത്ത ചിലതു തങ്ങൾക്കുണ്ടെന്ന ബോധമാണ് ചെറുത്തുനിൽക്കാൻ കരുത്തു നൽകുന്നത്.

ആ കരുത്തിലൂന്നി നിന്നുകൊണ്ട് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാൻ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കും എന്ന് നമുക്ക് ഏവർക്കും ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞയെടുക്കാം. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

 

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു. ”ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരർ ആയ നാം സ്വാതന്ത്ര്യവും സമത്വവും പരിപോഷിപ്പിക്കാനും ഉന്നത ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരുടെയും ക്ഷേമത്തിനായി യത്‌നിക്കാനും ബാദ്ധ്യസ്ഥരാണ്. സ്വാതന്ത്രത്തിനായി ജീവൻ ബലിനൽകിയ ധീര രാജ്യസ്‌നേഹികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സ്വയം പുന:സമർപ്പിച്ച് അവരെ നമുക്ക് സാദരം ഓർക്കാം. പൂർണ സ്വാശ്രയത്വത്തിലേക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ ഭാരതീയർ എന്ന നിലയിലുള്ള നമ്മുടെ പ്രവർത്തനം” എന്ന് ഗവർണർ ആശംസിച്ചു.