പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കേ ഇസ്രായേലിനെയും അമേരിക്കയെയും ആശങ്കപ്പെടുത്തി പുതിയ റിപോര്‍ട്ട്.(Iran Israel attack: Report that Iran is preparing to build a nuclear bomb) അണുബോംബ് നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ ഗവേഷകര്‍ ത്വരിതപ്പെടുത്തിയതായി ദി ജറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഗവേഷകരോടും അണുംബോംബ് പരീക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇറാന്‍ നിര്‍ദേശിച്ചതായി ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി പ്രസിഡന്റ് ഡേവിഡ് ആള്‍ബ്രൈറ്റിനെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നു.
|
ഇറാന് അണ്വായുധ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന ഉപമേധാവി മേജര്‍ ജനറല്‍ അമീര്‍ ബറാം നെസറ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ ജൂലൈയില്‍ പുറത്തുവിട്ട വാര്‍ഷിക ഇന്റലിജന്‍സ് റിപോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. അണ്വായുധ നിര്‍മാണത്തിലും സ്‌ഫോടനത്തിലുമുള്ള പുരോഗതി സംബന്ധിച്ച് ഇറാനിയന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ബുധനാഴ്ച്ച ഇറാന്‍ ഇന്റര്‍നാഷനല്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
150ഓളം ഇറാന്‍ വിദ്ഗധരാണ് നിലവില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്ന് ആള്‍ബ്രൈറ്റ് പറഞ്ഞു. അണ്വായുധ നിര്‍മാണത്തിനുള്ള കമ്പ്യൂട്ടര്‍ മോഡലുകള്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ ആഴ്ച്ച കൊണ്ട് അണ്വായുധ നിര്‍മാണ സാമഗ്രികള്‍ ഒരുക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് നിലവില്‍ ഇറാനെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ആസ്‌പെന്‍ സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫോര്‍ദോയിലുള്ള ഭൂഗര്‍ഭ സങ്കേതത്തിലാണ് അണ്വായുധ നിര്‍മാണത്തിനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതെന്നാണ് റിപോര്‍ട്ട്. ഒന്നിലധികം അണുബോംബുകള്‍ നിര്‍മിക്കാനുള്ള യുറേനിയം ഒരു മാസം കൊണ്ട് സമ്പുഷ്ടീകരിക്കാനുള്ള സംവിധാനം ഇവിടെയുണ്ടെന്ന് ആള്‍ബ്രൈറ്റ് പറയുന്നു. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിലെ സ്‌ഫോടക വസ്തു വിദഗ്ധന്‍ സഈദ് ബോര്‍ജി, ജനറല്‍ റിസ മുസഫറാനിയ തുടങ്ങിയവരാണ് അണ്വായുധ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് റിപോര്‍ട്ട്.
പ്രതിരോധ ഗവേഷണ സംവിധാനമായ എസ്പിഎന്‍ഡി അഴിച്ചുപണിയുന്നതിന് ഇറാന്‍ പാര്‍ലമെന്റ് ഈയിടെ അംഗീകാരം നല്‍കിയിരുന്നു. എസ്പിഎന്‍ഡിക്ക് പൂര്‍ണ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കുന്നതും നാഷനല്‍ ഓഡിറ്റ് ഓഫിസിന്റെ മേല്‍നോട്ടം ഒഴിവാക്കുന്നതുമായിരുന്നു പരിഷ്‌കരണം. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അണ്വായുധ നിര്‍മാണം ഉള്‍പ്പെടെ പ്രതിരോധ മേഖല കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയുള്ള നീക്കമാണിതെന്നാണ് വിലയിരുത്തല്‍.
ഈ വര്‍ഷം ജനുവരി 20ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് പരീക്ഷിച്ച സാറ്റലൈറ്റ് ലോഞ്ചര്‍ അണ്വായുധം വഹിക്കാന്‍ കൂടി ശേഷിയുള്ളതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതോടൊപ്പം അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഈയിടെ റഷ്യ ഇറാന് കൈമാറിയതും അമേരിക്കയ്ക്കും ഇസ്രായേലിനും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.


