റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം മുതിര്‍ന്ന നേതാവുമായ ചംപായ് സോറന്‍ ആറ് എം.എല്‍.എമാരുമായി ഡല്‍ഹിയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്.(Champai Soren with six MLAs in Delhi) ബി.ജെ.പിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഡല്‍ഹി യാത്രാ റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ചംപായി സോറനൊപ്പമുള്ള ആറ് എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജെജെഎം വൃത്തങ്ങള്‍ അറിയിച്ചു.
|
നിരവധി ബി.ജെ.പി നേതാക്കളുമായി ചംപായ് സോറന്‍ ബന്ധപ്പെട്ടതായും ഇന്നലെ രാത്രി കൊല്‍ക്കത്തയില്‍ എത്തിയ അദ്ദേഹം ബംഗാള്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയെ കണ്ടതായും സൂചനയുണ്ട്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിയതായും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, ഊഹാപോഹങ്ങള്‍ ചംപായ് സോറന്‍ നിഷേധിച്ചു. ചില വ്യക്തിപരമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് ഡല്‍ഹിയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയില്‍ നിന്നാണ് അദ്ദേഹം ഞായറാഴ്ച്ച ഡല്‍ഹിയിലേക്ക് പറന്നതെന്ന് ചംപായ് സോറന്റെ അടുത്ത സഹയാത്രികന്‍ വെളിപ്പെടുത്തി. എന്നാല്‍, മറ്റ് വിശദാംശങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല.
അതേ സമയം, ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശനിയാഴ്ച ചംപായ് സോറന്‍ നിഷേധിച്ചിരുന്നു. എന്തൊക്കെ കിംവദന്തികളാണ് പ്രചരിക്കുന്നതെന്ന് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ ചില ജെ.എം.എം നേതാക്കള്‍ ഇതിനകം തന്നെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ചാംപായ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന റിപോര്‍ട്ടുകള്‍ ജെഎംഎം നിഷേധിച്ചു. ബിജെപി മുങ്ങുന്ന കപ്പലാണ് അങ്ങിനെയൊരു പാര്‍ട്ടിയില്‍ ചേരാന്‍ സോറന്‍ ഒരിക്കലും മുതിരില്ലെന്നും ജെഎംഎം വക്താവ് മനോജ് പാണ്ഡെ പറഞ്ഞു.
ഭൂമി തട്ടിപ്പ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്യാനിരിക്കേ ജനുവരി 31ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. ജൂലൈ മൂന്ന് വരെ ചംപായ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. ഹേമന്ത് സോറന്‍ മടങ്ങി എത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് അതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





