29
Aug 2024
Sun
29 Aug 2024 Sun
KAFIR SCREEN SHOT RIBESH

കണ്ണൂര്‍: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സംശയിക്കപ്പെടുന്ന ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍ എസ് റിബേഷിന് സംഘടനയുടെ പൂര്‍ണ പിന്തുണ. (Kafir screen shot: DYFI with full support to Ribesh) ഡി.വൈ.എഫ്.ഐ നേതാവ് റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍വിവാദമായി മാറിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ലീഗും കോണ്‍ഗ്രസും പ്രതിസ്ഥാനത്ത് വരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറല്‍ സെക്രട്ടറി വി.കെ സനോജും പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് റിബേഷാണെന്ന് തെളിയിച്ചാല്‍ 25 ലക്ഷം നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ഇതിനു വേണ്ടി റിബേഷിന്റെ ഫോണ്‍ ആര്‍ക്കും പരിശോധിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

സ്‌ക്രീന്‍ഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. റിബേഷിന്റെ ഫോണ്‍ വിശദമായ പരിശോധനക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്.

ALSO READ: കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് ഇടത് സൈബർ ​ഗ്രൂപ്പുകളെന്ന് പോലീസ് കോടതിയിൽ

എന്നാല്‍, അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ മാധ്യമങ്ങളും ലീഗ്, കോണ്‍ഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം അവകാശപ്പെട്ടു. റിബേഷിന്റെ കാര്യത്തില്‍ സംഘടനക്ക് ഉത്തരവാദിത്വമുണ്ടെന്നും ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ യു.ഡി.എഫ് ആണെന്ന ആരോപണം ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. വ്യാജ സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ സി.പി.എമ്മിന് ഒറ്റ നിലപാടാണുള്ളത്. വ്യാജ നിര്‍മിതിക്ക് ബി.ജെ.പിയുടെ സഹായം ലഭിച്ചെന്നും എം.വി. ഗോവിന്ദന്‍ ആരോപിക്കുന്നു.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു കാലത്ത് പ്രചരിച്ച ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച് കേരളാ പൊലീസ് ആണ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് റെഡ് ബറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്‌സ് തുടങ്ങിയ ഇടത് വാട്സ്ആപ് ഗ്രൂപ്പുകളിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. ഈ റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു.