മനാമ: ബഹ്‌റൈനില്‍ 40ഓളം സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങി കബളിപ്പിച്ച് മലയാളി സംഘം മുങ്ങി.(Massive scam in Bahrain: Malayali gang defrauds 40 companies) തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ട സംഘമാണ് ലക്ഷക്കണക്കിന് ദിര്‍ഹം വിലയുള്ള സാധനങ്ങള്‍ വാങ്ങി മറിച്ചു വിറ്റ് രാജ്യം വിട്ടതായി പരാതി ഉയര്‍ന്നത്.
|
ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴോളം പേര്‍ ഈ തട്ടിപ്പില്‍ പങ്കാളികളാണ്. തട്ടിപ്പിന് ഇരയായ വ്യാപാരികള്‍ ഇവര്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പറ്റിക്കപ്പെട്ടവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു.
സീഫില്‍ ഒരു ആഡംബര ഓഫിസ് തുറന്ന് ബിസിനസ് ആരംഭിച്ച മലയാളി സംഘം തട്ടിപ്പിനായി മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് നടത്തിയത്. ട്രാവല്‍, കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍, ഹെവി വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന തരത്തിലുള്ള ഓഫിസാണ് ഇവര്‍ സജ്ജമാക്കിയിരുന്നത്.
ALSO READ: ഖത്തറിൽ ദീർഘകാലം ലാറി എക്സ്ചേഞ്ച് ഓപറേഷൻ മാനേജരായിരുന്ന അബ്ദുൽ ഹമീദ് നാട്ടിൽ മരിച്ചു
ആദ്യം നല്ല രീതിയില്‍ വ്യാപാരം നടത്തി വിശ്വാസം നേടിയെടുക്കുകയായിരുന്നു ഇവര്‍. പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങി തുടങ്ങിയ സംഘം പിന്നീട് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കി തുടങ്ങി. ഈ ചെക്കുകളിലും ബാങ്കുകളില്‍ നിന്ന് കൃത്യമായി പണം ലഭിച്ചിരുന്നു. പത്തു ദിവസത്തേക്ക് വരെയുള്ള പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കാനുള്ള വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് കമ്പനി വലിയ കബളിപ്പിക്കലിന് ഒരുക്കം കൂട്ടിയത്. നാല്‍പ്പതോളം സ്ഥാപനങ്ങളില്‍ നിന്ന് 5000 ദിനാര്‍ വരെയുള്ള സാധന സാമഗ്രികള്‍ വാങ്ങിയാണ് ഉടമകള്‍ സ്ഥലം വിട്ടത്.
ഇറച്ചിക്കടകള്‍ മുതല്‍ ട്രാവല്‍ ഏജന്‍സികള്‍ വരെ നടത്തുന്ന ബിസിനസ് മേഖലയില്‍ ഉള്ളവര്‍ തട്ടിപ്പിനിരയായി. ഇതില്‍ ഭൂരിഭാഗവും മൊത്ത വിതരണക്കാരായിരുന്നു. വാങ്ങിയ സാധനങ്ങള്‍ മുഴുവന്‍ സംഘം ചെറിയ വിലയ്ക്ക് മറ്റു പലയിടങ്ങളിലും വില്‍പന നടത്തുകയായിരുന്നു. കംപ്യൂട്ടര്‍ മൊത്ത വിതരണ കടകളില്‍ നിന്ന് വാങ്ങിയ ലാപ് ടോപ്പുകള്‍ അടക്കമുള്ള വില കൂടിയ സാധനങ്ങള്‍ പലതും യുഎഇ മാര്‍ക്കറ്റുകളിലേക്ക് കടത്തിയിട്ടുണ്ടാവുമെന്നാണ് അനുമാനം.
പല കമ്പനികളിലെയും സെയില്‍സ് വിഭാഗം കൈകാര്യം ചെയ്തവര്‍ക്കാണ് ചതിവ് പറ്റിയത്. 2015 ലും സമാനമായ രീതിയിലുള്ള തട്ടിപ്പ് ബഹ്റൈനില്‍ നടന്നിരുന്നുവെങ്കിലും ആ സംഭവം എല്ലാവരും മറന്നുതുടങ്ങിയിരുന്നു. ഉപഭോക്താക്കളെ പിടിച്ച്‌നിര്‍ത്തുന്നതിന് കമ്പനികള്‍ തമ്മില്‍ നടത്തുന്ന മല്‍സരവും അതിന്റെ ഭാഗമായി നല്‍കുന്ന ഇളവുകളും തട്ടിപ്പുകാര്‍ക്ക് അനുഗ്രഹമാവുന്നുണ്ട്.


