21
Sep 2024
Sun
21 Sep 2024 Sun
Mohun Bagan's two goals go to Sahal; North East United won their first title

കൊല്‍ക്കത്ത: പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ടുപോയ കലാശപ്പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ക്ലബ് ചരിത്രത്തില്‍ ആദ്യ കിരീടനേട്ടം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോളുകള്‍ നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 4- 3 എന്ന സ്‌കോറിനായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തിയത് മോഹന്‍ ബഗാനായിരുന്നു. മോഹന്‍ ബഗാന്‍ നേടിയ രണ്ടുഗോളിനും കടപ്പാട് മലയാളി താരം സഹല്‍ അബ്ദുസ്സമദിന്റെ വകയാണ്.

മത്സരത്തിന്റെ 11ാം മിനിറ്റില്‍ തന്നെ മുന്നിലെത്താന്‍ ബഗാന് കഴിഞ്ഞു. അതിനും വഴിവച്ചത് സഹല്‍ തന്നെ. സഹലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ജേസണ്‍ കമ്മിങ്‌സ് ഈസിയായി ഗോളാക്കി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബഗാന്‍ ലീഡ് ഉയര്‍ത്തി. ഇതും സഹല്‍ വക. ലിസ്റ്റണ്‍ കൊളാസോയുടെ ക്രോസ് വണ്‍ ടച്ചിലൂടെ സഹല്‍ വലകുലുക്കി, 2- 0.

ജയം പ്രതീക്ഷിച്ച് രണ്ടാം പകുതിയില്‍ പന്തുതട്ടാനിറങ്ങിയ മോഹന്‍ ബഗാനെ കാത്തിരുന്നത് കളി ശൈലിയില്‍ മാറ്റം വരുത്തിയിറങ്ങിയ നോര്‍ത്ത് ഈസ്റ്റായിരുന്നു. തുടരെ തുടരെ മോഹന്‍ ബഗാന്‍ ഗോള്‍ മുഖത്ത് അപകടം സൃഷ്ടിച്ച നോര്‍ത്ത് ഈസ്റ്റ് മത്സരത്തിന്റെ 55ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. മൊറോക്കന്‍ താരം അലാഡിന്‍ അജറെയാണ് ഗോളടിച്ചത്.

വൈകാതെ തന്നെ സമനില ഗോളും കണ്ടെത്തി. 58ാം മിനിറ്റില്‍ ഗിലെര്‍മോയായിരുന്നു സമനില പിടിച്ചത്. അധികസമയത്തെ അവസാന അരമണിക്കൂറില്‍ വിജയഗോള്‍ കണ്ടെത്താന്‍ ഇരു ടീമും പൊരുതിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

ടൂര്‍ണമെന്റില്‍ മോഹന്‍ ബഗാന്‍ നേരിടുന്ന തുടര്‍ച്ചയായ മൂന്നാം പെനല്‍റ്റി ഷൂട്ടൗട്ടായിരുന്നു ഇത്. ക്വാര്‍ട്ടറിലും സെമിയിലും ഷൂട്ടൗട്ടില്‍ ബഗാന്‍ ജയിച്ചുകയറിയെങ്കിലും കലാശപ്പോരില്‍ വീണു.

മോഹന്‍ ബഗാനായി കിക്കെടുത്തവരില്‍ ജേസണ്‍ കുമ്മിങ്‌സ്, മന്‍വീര്‍ സിങ്, പെട്രാറ്റോസ് എന്നിവര്‍ക്കു മാത്രമാണ് ലക്ഷ്യം കാണാനായത്. മറുവശത്ത് നോര്‍ത്ത് ഈസ്റ്റിനായി കിക്കെടുത്ത ഗില്ലെര്‍മോ, മൈക്കല്‍ സബാക്കോ, പ്രതിബ്, അലെയ്ദീന്‍ അയാറെ എന്നിവരെല്ലാം ലക്ഷ്യം കണ്ടു. മോഹന്‍ ബഗാനായി അവസാന കിക്കെടുത്ത സുഭാശിഷ് ബോസിനു പിഴച്ചതോടെ, അഞ്ചാം കിക്ക് കൂടാതെ തന്നെ നോര്‍ത്ത് ഈസ്റ്റ് കിരീടം തൊട്ടു.