ചരമവാർത്തകൾ നിരീക്ഷിച്ച് വീടുകൾ കണ്ടെത്തി മോഷണം നടത്തിവന്ന കൊല്ലം സ്വദേശിനി പോലീസ് പിടിയിലായി. കൊല്ലം സ്വദേശിനി റിൻസി ആണ് പിടിയിലായത്. മരണവീട്ടിൽ നിന്ന് 14 പവൻ സ്വർണം കവർച്ച പോയ സംഭവത്തിലാണ് യുവതി പിടിയിലായത്. കഴിഞ്ഞദിവസം എളമക്കരയിലെ വീട്ടിൽ നിന്നാണ് റിൻസി 14 പവൻ കവർന്നത്. പെരുമ്പാവൂരിൽ മറ്റൊരു വീട്ടിൽ മോഷണം നടത്തിയ കേസിലും കഴിഞ്ഞ ആഴ്ച പോലീസ് യുവതിയെ പിടികൂടിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് എളമക്കരയിൽ സ്വർണം നഷ്ടപ്പെട്ട വീട്ടുടമ ജെൻസൻ റിൻസിയെ തിരിച്ചറിയുന്നത്.
|
മെയ് മാസത്തിൽ ജെൻസന്റെ ജ്യേഷ്ഠന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് റിൻസി ഇവരുടെ വീട്ടിൽ എത്തുന്നത്. അപരിചിതയായ സ്ത്രീയെ കണ്ടെങ്കിലും അകന്ന ബന്ധുവാകാം എന്നു കരുതി. രാത്രിയോടെയാണ് വീട്ടുകാർ മോഷണം അറിയുന്നത്. മുറിയിൽ സൂക്ഷിച്ച 14 പവൻ സ്വർണം നഷ്ടപ്പെട്ടു. അടുത്തദിവസം സിസിടിവിയിൽ റിൻസിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാലും പലരെയും സംശയമായതിനാലും പരാതി വേണ്ടെന്നുവയ്ക്കുകയായിരുന്നു. പിന്നീട് പത്രവാർത്ത കണ്ടപ്പോൾ റിൻസിയെ തിരിച്ചറിയുകയായിരുന്നു.
പത്രവാർത്തയിലൂടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പുതുക്കലവട്ടം സ്വദേശിയുടെ മരണവാർത്ത അറിഞ്ഞതെന്ന് റിൻസി പോലീസിനോടു പറഞ്ഞു. വൈറ്റിലയിലെ ബന്ധുവീട്ടിൽ താമസിച്ചിരുന്ന റിൻസി ആദ്യം പള്ളിയിലും പിന്നീട് വീട്ടിലും എത്തുകയായിരുന്നു. മൃതദേഹം എത്തിക്കും മുമ്പേ മരണം നടന്ന വീട്ടിലെത്തിയ റിൻസി വീട്ടുകാരി എന്ന വ്യാജേനെ നാട്ടുകാരോട് അടക്കം ഇടപെട്ടു. പിന്നീട് വീട് പരിശോധിച്ച് സ്വർണവുമായി കടന്നു കളയുകയായിരുന്നു.
ഈ രീതിയാണ് പെരുമ്പാവൂരിലും യുവതി അവലംബിച്ചത്. ഈസ്റ്റ് ഒക്കൽ കൂനത്താൻ വീട്ടിൽ പൗലോസിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കിടയായിരുന്നു ഇവിടെ മോഷണം. പൗലോസിന്റെ സഹോദരഭാര്യ ലിസ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് റിൻസി സ്വർണവും പണവും കവർന്നത്. 45 ഗ്രാം സ്വർണാഭരണവും 90 കുവൈത്ത് ദിനാറും ആണ് അന്ന് കവർച്ച നടത്തിയത്.





