മലപ്പുറം: കേരള പോലീസിലെ ആര്‍എസ്എസ് സ്വാധീനത്തെ കുറിച്ച് കാലങ്ങളായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണമുന്നയിക്കുന്നുണ്ട്.(RSS has a grip on Kerala Police; Shocking information coming out through Anwar’s disclosure) ഭരണമോ ഒരു എംഎല്‍എയോ ഇല്ലാഞ്ഞിട്ട് പോലും ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായി പോലീസ് നടപടികള്‍ വരുന്നതിന് പിന്നില്‍ പോലീസിലെ സംഘപരിവാര സ്ലീപ്പര്‍ സെല്ലുകളാണെന്ന് നേരത്തേ സിപിഎമ്മില്‍ നിന്ന് പോലും ആരോപണമുയര്‍ന്നിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലോട് കൂടി പോലിസിനും ആര്‍എസ്എസിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്.
|
പാലക്കാട് നടന്ന ആര്‍എസ്എസിന്റെ ഉന്നത നേതാക്കളുടെ യോഗത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ പങ്കെടുത്ത് അഭിവാദ്യം അര്‍പ്പിച്ചു എന്ന വിവരമാണ് അന്‍വര്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. അതിന്റെ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് അന്‍വര്‍ പറഞ്ഞു. വളരെ ഉത്തരാവദപ്പെട്ട പോലിസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം തന്നെ അറിയിച്ചത്. അതിന്റെ വിശദ വിവരങ്ങള്‍ കിട്ടിയാല്‍ സര്‍ക്കാരിന് കൈമാറുമെന്നും അന്‍വര്‍ വ്യക്തമാക്കി.
ബിജെപിക്ക് വേണ്ടി തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എഡിജിപി അജിത് കുമാറാണ്. ഇടതു പക്ഷ പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കടക്കല്‍ കത്തിവയ്ക്കുകയാണ് തൃശൂര്‍ പൂരം കലക്കിയതിലൂടെ എഡിജിപി ചെയ്തത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന് എഡിജിപിക്കേതിരേ റിപോര്‍ട്ട് കൊടുക്കാനുള്ള ശേഷിയില്ല. എഡിജിപിക്കെതിരേ റിപോര്‍ട്ട് കൊടുത്താല്‍ അദ്ദേഹം കൊന്നു കൊലവിളിക്കും. അദ്ദേഹത്തിന് പിന്നില്‍ പോലിസുകാര്‍ മാത്രമല്ല പണവും ഗുണ്ടകളുമുണ്ട്. നാടുനീളെ ബന്ധങ്ങളുണ്ട്. ഹാക്കേഴ്‌സ് ഉള്‍പ്പെടെ എഡിജിപിയുടെ ഇംഗിതത്തിന് ഒത്ത് പ്രവര്‍ത്തിക്കാന്‍ രംഗത്തുണ്ടെന്നും അന്‍വര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കേരള പൊലീസിന്റെ നീക്കങ്ങളും നടപടികളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇന്ത്യയില്‍ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്ത, ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പൊലീസ് വഴുതി വീണിരിക്കുന്നത് എങ്ങിനെയെന്ന് കൃത്യമായി കാണാന്‍ സാധിക്കും.
പൊലീസ് നയങ്ങളിലെ ഇരട്ടനീതി പ്രകടമാകുന്ന എത്രയോ സംഭവങ്ങള്‍ ഇക്കാലയളവില്‍ അരങ്ങേറിയിരുന്നു. കേരളത്തിലെ മുന്‍ ഡി.ജി.പിമാരായിരുന്ന ടി.പി. സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ അവരുടെയുള്ളിലെ ഹിന്ദുത്വ നിലപാടുകള്‍ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമായത് കേരള പോലീസിന്റെ ഉന്നത നേതൃത്വത്തില്‍ സംഘപരിവാരം പിടിമുറുക്കിയതിന്റെ തെളിവുകളായിരുന്നു.
തൃശൂരിലെ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി. സുരേഷ് രാജ് പുരോഹിത് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ ആരംഭത്തില്‍ തന്നെ പുറത്തുവന്ന സംഭവം. പുരോഹിതിനെ സര്‍ക്കാര്‍ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെങ്കിലും പ്രശ്‌നങ്ങള്‍ അവിടെ അവസാനിച്ചില്ല. പൊലീസ് ആസ്ഥാനത്ത് താന്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂ എന്നുമുള്ള പരസ്യമായ വെല്ലുവിളിയുമായി സുരേഷ് രാജ് പുരോഹിത് അന്ന് രംഗത്ത് വന്നിരുന്നു.
കേരള പൊലീസിനുള്ളില്‍ ആര്‍.എസ്.എസ് അനുഭാവികളുടെ ”സ്ലീപ്പര്‍’ സെല്‍ പ്രവര്‍ത്തിക്കുന്നതായും 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന ഇവരുടെ പഠന ശിബിരത്തില്‍ വെച്ച് പൊലീസിനുള്ളിലെ സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കൈരളി തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് സേനയിലെ 27 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗത്തില്‍ ‘തത്വമസി’ എന്ന വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് എല്ലാ മാസവും യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചതായും ക്രൈം ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനുത്തരവാദപ്പെടുത്തിയതായും കൈരളി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
‘ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എഡിജിപിയെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രി’
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃശൂരിലെ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു കൂടിക്കാഴ്ചയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
2023 മേയ് 20 മുതല്‍ 22 വരെയുള്ള ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ഇത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലെത്തിയ എഡിജിപി ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ഒരുമണിക്കൂറോളം സംസാരിച്ചു.
മുഖ്യമന്ത്രി എന്ത്കാര്യമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി വഴി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് പറഞ്ഞതെന്നും സതീശന്‍ ചോദിച്ചു. തിരുവനന്തപുരത്തെ ഒരു ആര്‍എസ്എസ് നേതാവും ഇതിന് ഇടനിലക്കാരനായി. ആ ബന്ധമാണ് തൃശൂരില്‍ തുടര്‍ന്നതെന്നും സതീശന്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ കേസില്‍ നിന്നും രക്ഷപ്പെടാനാണ് ഈ അവിശുദ്ധബന്ധമെന്നും അതിന്റെ പ്രതിഫലനമാണ് തൃശൂരിലെ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും സതീശന്‍ പറഞ്ഞു. തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഇതെന്നും സതീശന്‍ ആരോപിച്ചു.


