|
ബൊഗോട്ട: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കൊളംബിയ അട്ടിമറിച്ചു. യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോൾ വേട്ടക്കാർ.
നിക്കോളാസ് ഗോണ്‍സാലസാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്.
സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന പന്തടക്കത്തില്‍ മുന്നിട്ടു നിന്നെങ്കിലും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു.
മത്സരത്തിന്റെ 25-ാം മിനിറ്റില്‍ യെര്‍സണ്‍ മെസക്വറയിലൂടെ കൊളംബിയ ആണ് മുന്നിലെത്തിയത്. ഒരു ഗോള്‍ ലീഡോടെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോണ്‍സാലസിലൂടെ അര്‍ജന്റീന സമനില പിടിച്ചു. എന്നാല്‍ ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല.
60-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ പെനാല്‍റ്റിയിലൂടെ കൊളംബിയ മൽസരം തിരിച്ചുപിടിച്ചു. ഡാനിയൽ മുനോസിനെ നിക്കോളാസ് ഒട്ടമെൻഡി ഫൗള്‍ ചെയ്‌തതിന് വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്.
തിരിച്ചുവരാൻ ലോക ചാമ്പ്യന്മാർ കിണഞ്ഞുശ്രമിച്ചെങ്കിലും കൊളംബിയന്‍ ബോക്സ് കടക്കാനായില്ല. ഇതോടെ സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടില്‍ തോല്‍വി അറിയാത്ത ഓരേയൊരു ടീമായി കൊളംബിയ മാറി.

മറ്റു മത്സരങ്ങളില്‍ ഉറുഗ്വെയെ വെനസ്വേല ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍, ബെളീവിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചിലിയെ പരാജയപ്പെടുത്തി.
തോറ്റെങ്കിലും ലാറ്റിനമേരിക്കന്‍ മേഖല ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാമത്. എട്ടു മത്സരങ്ങളില്‍ നിന്നു 18 പോയിന്റാണ് അര്‍ജന്റീനയ്ക്ക്. 16 പോയിന്റുമായി കൊളംബിയ രണ്ടും l 15 പോയിന്റുമായി ഉറുഗ്വെ മൂന്നാം സ്ഥാനത്തും ഉണ്ട്.
FIFA World Cup 2026 Qualifier: Colombia unbeaten over Argentina


