തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് റാം മാധവിനെ എഡിജിപി എംആര്‍ അജിത്കുമാറിനൊപ്പം കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധുവും വ്യവസായിയും.(The CM’s relative denied the news of his meeting with the RSS leader) കോവളത്തു വച്ച് എഡിജിപി റാം മാധവിനെ കണ്ടപ്പോള്‍ 3 പേര് ഒപ്പമുണ്ടായിരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് ചെയ്തിരുന്നു.
|
ചെന്നൈയിലെ മലയാളി വ്യവസായിയും ബിഎല്‍എം ഗ്രൂപ്പ് ചെയര്‍മാനുമായ ആര് പ്രേംകുമാര്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാര്‍ക്കറ്റിങ് മാനേജരുമായ ജിഗീഷ് നാരായണ്‍, ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍ എന്നിവരാണ് എഡിജിപിയോടൊപ്പമുണ്ടായിരുന്നതെന്നാണ് പ്രചാരണം.
എന്നാല്‍, പ്രേംകുമാറും ജിഗീഷും ഇക്കാര്യം നിഷേധിച്ചു. മാധ്യമങ്ങളോടു കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ജയകുമാറിന്റെ പ്രതികരണം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി അജിത് നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത് നേരത്തേ ജയകുമാര്‍ സ്ഥിരീകരിച്ചിരുന്നു.
ALSO READ: ”രണ്ടാം വിക്കറ്റും വീണു; ഇനി തെറിക്കാനുള്ളത് വന്‍ സ്രാവിന്റെ കുറ്റിയാണ്”
പല നേതാക്കളെയും പരിചയമുണ്ടെങ്കിലും അജിത്കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ലെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. ആരോപണമുന്നയിച്ചവര്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും എന്റെ ഫോണ്‍ രേഖകളടക്കം പരിശോധിക്കാമെന്നും പ്രേംകുമാര്‍ പറഞ്ഞു.
ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആര്‍എസ്എസ് നേതാക്കള്‍ ആ പട്ടികയിലില്ലെന്നു ജിഗീഷ് പ്രതികരിച്ചു. പ്രേംകുമാറിനെ അങ്ങനെ നേരത്തേ കണ്ടിട്ടുണ്ട്. റാം മാധവിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയില്‍ തെന്നിവീണ് 7 മാസത്തിലേറെയായി ചികിത്സയിലുള്ള എന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കില്‍ പൊലീസിനു തെളിയിക്കാമല്ലോ എന്നും ജിഗീഷ് പറഞ്ഞു.


