27
Sep 2024
Thu
27 Sep 2024 Thu
BJP membership campaign

ഗാന്ധിനഗര്‍: കോടിക്കണക്കിന് പുതിയ മെമ്പര്‍ഷിപ്പുകള്‍ ചേര്‍ത്ത് ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്ന് ഈയിടെ ദേശീയ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.(Students were admitted to BJP without permission; Notice to School Principal)  മുമ്പ് നിശ്ചിത നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചവരെയൊക്കെ മെമ്പര്‍മാരാക്കി ചരിത്രം സൃഷ്ടിച്ച ബിജെപി ഇക്കുറി അതിലും വലിയ തന്ത്രങ്ങള്‍ പയറ്റുന്നതായാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപിയിലേക്ക് ആളെ കൂട്ടാന്‍ സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് സംഘപരിവാര പ്രവര്‍ത്തകനായ പ്രിന്‍സിപ്പാള്‍ ഇരയാക്കിയത്. അനുവാദമില്ലാതെ രക്ഷിതാക്കളുടെ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ബി.ജെ.പി അംഗങ്ങളായി ചേര്‍ത്ത സ്‌കൂള്‍ പ്രിന്‍സിപ്പലിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നോട്ടീസ് ലഭിച്ചു.

ഗുജറാത്തിലെ അനീന്ദ്ര ഗ്രാമത്തിലെ എം.ആര്‍ ഗാര്‍ഡി സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് നോട്ടീസ് ലഭിച്ചത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ ക്ലാസ്-ടു ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: കടയിലെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥിയുടെ പരാതി; സംഘപരിവാര സമ്മര്‍ദ്ദത്തില്‍ 120ഓളം മുസ്ലിം കടയുടമകളെ അറസ്റ്റ് ചെയ്ത് പോലീസ്

ഈ ആഴ്ച ആദ്യം ഒരു പരിപാടിയില്‍ പങ്കെടുക്കാനെന്ന വ്യാജേനെ വിദ്യാര്‍ത്ഥികളോട് മാതാപിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പതാകകള്‍ കൈമാറുകയും അവരുടെ മാതാപിതാക്കളുടെ ഫോണിലൂടെ ബി.ജെ.പി അംഗങ്ങളായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അംഗത്വം എടുക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ബി.ജെ.പിക്ക് രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ജലശക്തി മന്ത്രിയുമായ സി.ആര്‍ പാട്ടീല്‍ ആണ് പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടിയുടെ ‘സദസ്യത അഭിയാന്‍ 2024’ എന്ന പദ്ധതി കഴിഞ്ഞ ആഴ്ച അഹമ്മദാബാദില്‍ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ സമ്മതമില്ലാതെ ബി.ജെ.പിയില്‍ അംഗത്വം എടുത്തത്.

എന്നാല്‍, സര്‍ക്കാര്‍ വിദ്യാഭ്യാസ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് ഫോണുകള്‍ ശേഖരിച്ചതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുകേഷ് നിമാവതിന്റെ അവകാശവാദം. ഔദ്യോഗിക പാര്‍ട്ടി അംഗത്വം ബൂത്ത് തലത്തില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂവെന്നും സംഭവത്തില്‍ പങ്കില്ലെന്നും ബി.ജെ.പി നേതാവ് കെ.സി പട്ടേല്‍ പറഞ്ഞു. 18 വയസിന് താഴെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ സാധിക്കില്ലെന്നും പട്ടേല്‍ പറഞ്ഞു.

വരാനിരിക്കുന്ന അധ്യാപക യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അധ്യാപകരെ ബി.ജെ.പി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. മനീഷ് ദോഷി ആരോപിച്ചു.

നാലാം ക്ലാസ് ഗ്രൂപ്പില്‍ പാര്‍ട്ടിയില്‍ ചേരാന്‍ മെസേജ്

4th class bjp join link Gujarath
ഗുജാറത്തിലെ മറ്റൊരു സ്‌കൂളിനെതിരേയും സമാനമായ ആരോപണമുയര്‍ന്നിട്ടുണ്ട്. സുരേന്ദ്ര നഗറിലെ ഐപിഎസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരേയാണ് പരാതി. നാലാം ക്ലാസ് കുട്ടികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെടുന്ന ലിങ്ക് ഷെയര്‍ ചെയ്തതായാണ് പരാതി.

ഗുജ് 4സി ഐപിഎസ് എന്ന ഗ്രൂപ്പിലാണ് ലിങ്ക് പ്രത്യക്ഷപ്പെട്ടത്. ഭാരതീയ ജനതാപാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം നേടുന്നതിനുള്ള ക്യാമ്പയിനില്‍ നിങ്ങളുടെ സഹകരണം തേടുന്നു എന്നായിരുന്നു സന്ദേശം. സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും സ്‌കൂള്‍ അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.