ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപക്കേസില്‍ 10 മുസ്‌ലിംകളെ കോടതി വെറുതെവിട്ടു.(No proof; 10 Muslims acquitted in Delhi riots case after four years) പ്രതികള്‍ക്കെതിരായ ആരോപണത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി കര്‍കര്‍ദൂമ കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചല കുറ്റവിമുക്തരാക്കിയത്.
|
മുഹമ്മദ് ഷാനവാസ് എന്ന ഷാനു, മുഹമ്മദ് ഷോയിബ്, ഷാരൂഖ് പത്താന്‍, റാഷിദ് എന്ന രാജ, ആസാദ്, അഷ്റഫ് അലി, പര്‍വേസ്, മുഹമ്മദ് ഫൈസല്‍, റാഷിദ് എന്ന മോനു, മുഹമ്മദ് താഹിര്‍ എന്നിവരെയാണ് വെറുതെവിട്ടത്. കലാപം, തീവയ്പ്പ്, നശീകരണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.
2021 ഡിസംബര്‍ ഏഴിനാണ് 10 പേര്‍ക്കെതിരേ ഐപിസി 147, 148, 436, 454, 392, 452, 427, 506, 149 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. കലാപത്തിനിടെ 2020 മാര്‍ച്ച് 1ന് പ്രതികള്‍ ശിവ് വിഹാര്‍ തിരാഹയിലുള്ള തന്റെ വീട്ടില്‍ കയറി വിവിധ സാധനങ്ങള്‍ കൊള്ളയടിക്കുകയും ഫര്‍ണിച്ചറുകള്‍ കത്തിക്കുകയും ചെയ്തെന്ന് ആരോപിച്ച് നരേന്ദര്‍ കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്.
സ്വര്‍ണവും വെള്ളിയും പണവും ഉള്‍പ്പെടെ മോഷ്ടിച്ചതായാണ് ആരോപണം. സമീപത്തുണ്ടായിരുന്ന കട കത്തിച്ചതായും പരാതിയുണ്ട്.

കേസില്‍ 17 പേരെ സാക്ഷികളായി വിസ്തരിച്ചു. ഇതില്‍ 12 പേരും പോലീസ് ഉദ്യോഗസ്ഥരാണ്. എന്നാല്‍, കുറ്റകൃത്യവുമായി പ്രതികളെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
കലാപത്തില്‍ തന്റെ കടയക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് സാക്ഷികളിലൊരാള്‍ കോടതിയെ അറിയിച്ചു. ഒരു ഹെഡ് കോണ്‍സ്റ്റബിളും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും സംഭവ സ്ഥത്തിന് തൊട്ടടുത്തുള്ള ഈ ഷോപ്പ് കലാപകാരികള്‍ കത്തിച്ചതായി അവകാശപ്പെട്ടിരുന്നു.
”ഷോപ്പ് കലാപകാരികള്‍ കത്തിച്ചുവെന്നാണ് ദൃക്‌സാക്ഷികളായി ഹാജരാക്കിയ രണ്ടു പേര്‍ അവകാശപ്പെട്ടത്. എന്നാല്‍, അങ്ങിനെ സംഭവിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. ഇത് സാക്ഷികളുടെ വിശ്വാസ്യത തകര്‍ത്തു”- അഡീഷനല്‍ സെഷന്‍സ് ജജ്ഡി പുലസ്ത്യ പ്രേമാചല പറഞ്ഞു.
പോലീസ് നല്‍കിയ ഡ്യൂട്ടി റോസ്റ്റര്‍ പ്രകാരം, സാക്ഷികളായി ഹാജരായ കോണ്‍സ്റ്റബിളിനും എഎസ്‌ഐക്കും ഡ്യൂട്ടി ചാമന്‍ പാര്‍ക്കിലാണ്. മറ്റൊരു സാക്ഷിയായ ഹെഡ് കോണ്‍സ്റ്റബിളിന് ജോഹ്‌റി പൂരിലായിരുന്നു ഡ്യൂട്ടി. എന്നാല്‍, ഹെഡ് കോണ്‍സ്റ്റബിള്‍ കോടതിയില്‍ പറഞ്ഞത് താന്‍ കോണ്‍സ്റ്റബിള്‍, എഎസ്‌ഐ എന്നിവരോടൊപ്പമാണ് ഡ്യൂട്ടി ചെയ്തത് എന്നാണ്. ഇത് മൂന്ന് സാക്ഷികളുടെയും വിശ്വാസ്യത പൊളിക്കുന്നതാണ്. തെളിവുകള്‍ പലതും കെട്ടിച്ചമച്ചതായാണ് വ്യക്തമാവുന്നതെന്നും കോടതി വ്യക്തമാക്കി.
അഡ്വ സലീം മാലിക്, അബ്ദുല്‍ ഗഫാര്‍ എന്നിവരാണ് ഏഴ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. ജംഇത്തുല്‍ ഉലമായെ ഹിന്ദ് ആണ് നിയമസഹായം നല്‍കിയത്. സാക്ഷികള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് തെളിയിക്കാന്‍ അഭിഭാഷകര്‍ക്ക് സാധിച്ചു.
നിരവധി സാക്ഷികള്‍ കേസ് പുരോഗമിക്കുന്നതിനിടെ തങ്ങളുടെ മൊഴികളില്‍ നിന്ന് പിന്മാറിയിരുന്നു. പല സാക്ഷികള്‍ക്കും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. പോലീസ് മൊഴികളിലെ വൈരുധ്യവും മറ്റും കേസ് ദുര്‍ബലമാവാന്‍ കാരണമായി.
ജംഇയ്യുതല്‍ ഉലമായെ ഹിന്ദിന്റെ നിയമ ഇടപെടലിലൂടെ ഡല്‍ഹി കലാപത്തില്‍ പെട്ട 600ഓളം പേര്‍ക്ക് ജാമ്യം ലഭ്യമാക്കാനും 60ലേറെ പേരെ വെറുതെ വിടുന്നതിനും സാധിച്ചതായി അഡ്വ. നിയാസ് അഹ്‌മദ് ഫാറൂഖി പറഞ്ഞു.


