ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വലയ്ക്കുന്ന സംഭവം തുടര്‍ക്കഥയാവുന്നു. (negligence of Air India Express; Passengers who had left for home to celebrate Onam were stuck at the airport for 12 hours) ഇക്കുറി ഓണം ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്കു പുറപ്പെട്ട യാത്രക്കാരാണ് എയര്‍ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്.
|
നീണ്ട 12 മണിക്കൂര്‍ യാത്രക്കാരെ പ്രതിസന്ധിയിലാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഡല്‍ഹി-കൊച്ചി വിമാനം പുറപ്പെട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസ് 4702 ആണ് 12 മണിക്കൂര്‍ വൈകി പുറപ്പെട്ടത്.
ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം കാരണമൊന്നും വ്യക്തമാക്കാതെ അനിശ്ചിതമായി വൈകുകയായിരുന്നു. ഓണം ആഘോഷിക്കുന്നതിനായി നാട്ടിലേക്ക് പോകാനെത്തിയവരായിരുന്നു യാത്രക്കാരില്‍ കൂടുതല്‍ പേരും.
രാവിലെ ആറ് മണിക്ക് പുറപ്പെടുമെന്നായിരുന്നു അവസാനം ലഭിച്ച അറിയിപ്പ്. പിന്നീട് വിമാനം എപ്പോള്‍ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിക്കാതായി.
വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ ഭക്ഷണം പോലും കിട്ടാതെ വലയുകയായിരുന്നു. തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. വിമാനം വൈകുന്നതിനുണ്ടായ കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിട്ടില്ല.
മലയാളികളുടെ ഓണം എത്രത്തോളം ദുരിതപൂര്‍ണ്ണം ആക്കാം എന്നുള്ളതിന്റെ വലിയ പരീക്ഷണമാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യാത്രക്കാരിലൊരാള്‍ പ്രതികരിച്ചു.
മണിക്കൂറുകള്‍ വൈകിയിട്ടും ഭക്ഷണം നല്‍കാനുള്ള സന്മനസ്സ് പോലും അധികൃതര്‍ കാണിച്ചില്ല. യാത്രക്കാരില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മരുന്നുകഴിക്കുന്നവര് ഒക്കെ ഉണ്ടായിരുന്നു. ഇവര്‍ക്കൊന്നും വേണ്ട സഹായമോ ആശ്വാസമോ അധികൃതരില്‍ നിന്ന് ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.


