20
Sep 2024
Sat
20 Sep 2024 Sat
Arya samaj marriages

അലഹബാദ്: ഒളിച്ചോടി വരുന്ന ഇതര മതസ്ഥരുടെയും മറ്റും വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന ആര്യ സമാജ് മന്ദിറുകളുടെയും ബന്ധപ്പെട്ട ട്രസ്റ്റുകളെടെയും പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി.(Arya Samaj institutions performing illegal marriages: Allahabad High Court orders probe)  ഗൗതം ബുധ് നഗര്‍(നോയിഡ), ഗാസിയാബാദ് പോലീസ് കമ്മീഷണര്‍മാര്‍ക്ക് ഇത് സംബന്ധിച്ച ചുമതല നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശൈശവ വിവാഹം തടയല്‍ നിയമത്തിനും ഹിന്ദു വിവാഹ നിയമത്തിനും വിരുദ്ധമായി നിരവധി വിവാഹങ്ങള്‍ ആര്യസമാജ് മന്ദിറുകളില്‍ നടക്കുന്നതായി പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് ജസ്റ്റിസ് വിനോദ് ദിവാകര്‍ ഉത്തരവില്‍ വ്യക്തമാക്കി.

ഇത്തരം ദമ്പതികള്‍ ഹാജരാക്കിയ ആധാര്‍ കാര്‍ഡുകള്‍, നോട്ടറി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ വ്യാജമാണെന്ന് മനസ്സിലായിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തവര്‍ വ്യാജരേഖകളുണ്ടാക്കിയാണ് വിവാഹം നടത്തുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ പരിശോധന ഇല്ലാതെയാണ് വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതെന്നും കോടതി നിരീക്ഷിച്ചു.

ALSO READ: ഒന്നിനും തെളിവില്ല; ഡല്‍ഹി കലാപക്കേസില്‍ നാലു വര്‍ഷത്തിന് ശേഷം 10 മുസ്ലിംകളെ വെറുതെവിട്ടു

”ഇത്തരം വിവാഹങ്ങള്‍ മനുഷ്യക്കടത്ത, ലൈംഗിക ചൂഷണം, നിര്‍ബന്ധിത തൊഴിലെടുപ്പിക്കല്‍ തുടങ്ങിയവയിലേക്ക് നയിക്കും. സാമൂഹിക അസ്ഥിരത, ചൂഷണം, ബലപ്രയോഗം തുടങ്ങിയവ കുട്ടികളില്‍ വൈകാരികവും മാസികവുമായ ആഘാതത്തിന് കാരണമാവും. അതുകൊണ്ട് രേഖകള്‍ പരിശോധിച്ചുറപ്പ് വരുത്തുന്നതിനും ഇത്തരം ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും ഉത്തരവാദിത്തം ഉറപ്പ് വരുത്തുന്നതിനും ഒരു സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്”- കോടതി അഭിപ്രായപ്പെട്ടു.

താഴെ പറയുന്ന വിഷയങ്ങള്‍ അന്വേഷിക്കാനാണ് കോടതി നിര്‍ദേശം
1. ഗൗതം ബുധ് നഗര്‍, ഗാസിയാബാദ് പരിധിയില്‍ ഇത്തരം വിവാഹങ്ങള്‍ നടത്തുന്ന ട്രസ്റ്റുകള്‍/ സൊസൈറ്റികള്‍ ഏതൊക്കെയാണ്?
2. ഈ ട്രസ്റ്റുകളുടെ പ്രസിഡന്റ്, സെക്രട്ടറി, വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതന്‍, ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവരുടെ സാമൂഹിക, സാമ്പത്തിക ചുറ്റപാടുകള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.
3. വിവാഹം നടത്തിക്കൊടുക്കുന്നതിന്, ഒളിച്ചോടിയ പെണ്‍കുട്ടിയുമായും ആണ്‍ കുട്ടിയുമായും ആര് വഴിയാണ് ഈ ട്രസ്റ്റുകള്‍ ബന്ധപ്പെടുന്നത്?
4. വയസ്സ്, വിലാസം, സത്യവാങ്മൂലങ്ങള്‍, പോലീസിന് നല്‍കുന്ന വ്യാജ പരാതികള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ രേഖകള്‍ ആരാണ് നിര്‍മിച്ചു നല്‍കുന്നത്?
5. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍
6. വിവാഹം നടത്തിക്കൊടുക്കുന്നതിന് ദക്ഷിണ എന്ന പേരില്‍ വാങ്ങുന്ന ഫീസ് സംബന്ധിച്ച വിവരങ്ങള്‍
7. വിവാഹം നടത്തിക്കൊടുക്കുന്നതു മുതല്‍ കോടതിയില്‍ സംരക്ഷണം തേടുന്നതുവരെയുള്ള മുഴുവന്‍ പ്രക്രിയകളുടെയും പ്രവര്‍ത്തന രീതി

ദമ്പതികള്‍ക്ക് പോലീസ് സംരക്ഷണം ലഭിക്കുന്നതിന് കോടതിയെ സമീപിക്കാന്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ടെന്ന കാര്യം നേരത്തേയും ജസ്റ്റിസ് ദിവാകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള നിരവധി ഹരജികള്‍ കൊണ്ട് കോടതി വീര്‍പ്പുമുട്ടുകയാണെന്നും അതു കൊണ്ട് തന്നെ ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ കര്‍ശനമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.