Canada Study Permit: ഇന്ത്യക്കാരുടെ കാനഡ സ്വപ്നത്തിന് മങ്ങലേല്ക്കുകയാണോ? പുതിയ തീരുമാനം തിരിച്ചടിയാകുക ഇങ്ങനെ
|
ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ തീരുമാനിച്ചത് ഏറ്റവുമധികം തിരിച്ചടിയായത് കാനഡയിലെ കുടിയേറ്റവും പഠനവും ജോലിയും സ്വപ്നം കാണുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് (Study Permit Is India’s Canada Dream is no more). ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് അറിയിച്ചത്. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ തീരുമാനം.
We’re granting 35% fewer international student permits this year. And next year, that number’s going down by another 10%.
Immigration is an advantage for our economy — but when bad actors abuse the system and take advantage of students, we crack down.
— Justin Trudeau (@JustinTrudeau) September 18, 2024
വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി വരും മാസങ്ങളില്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കനേഡിയന്‍ സര്‍ക്കാരിന്റെ അറിയിപ്പ്. അടുത്തവര്‍ഷം വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 10 ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിന് ട്രൂഡോ ട്വീറ്റ്ചെയ്തു. രാജ്യത്തെ സാമ്പത്തിക രംഗത്തിന് കുടിയേറ്റം ഏറെ സഹായകരമാണ്. എന്നാല്‍, അവസരം മുതലെടുക്കുന്നവരുടെ എണ്ണം കുറവല്ല, ഇത് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്നും നടപടിയിലേക്ക് കടക്കാന്‍ ഇതാണ് കാരണം- ജസ്റ്റിന് ട്രൂഡോ ട്വീറ്റ്ചെയ്തു. വിദേശ തൊഴിലാളികള്‍ക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

കുടിയേറ്റത്തിന്റെ കണക്കുകള്‍
നിലവില്‍ ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. കാനഡയിലെ ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്ക് പ്രകാരം 2023ല്‍ 5,09,390 പേര്‍ക്കാണ് കാനഡ വിദ്യാഭ്യാസ പെര്‍മിറ്റ് നല്‍കിയത്. 2024 ല്‍ ആദ്യ ഏഴ് ആഴ്ചകളില്‍ മാത്രം 1,75,920 പേര്‍ക്കാണ് സ്റ്റഡി പെര്‍മിറ്റ് നല്‍കിയത്. ഈ സാഹചര്യത്തില്‍ അടുത്തവര്‍ഷം സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം 4,37,000 ആയി കുറയ്ക്കുകയാണ് കാനഡ ലക്ഷ്യമിടുന്നത്.
കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ കാനഡയിലെ ജനസംഖ്യ ഈ വര്‍ഷം ആദ്യം 4.1 കോടിക്ക് മുകളിലായി. മതിയായ താമസ സ്ഥലം ഒരുക്കാനും തൊഴില്‍ ലഭ്യമാക്കാനും സാധിക്കാത്തത് പരാതികള്‍ക്കും ഇടയാക്കിയിരുന്നു. ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകാനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കരിനിഴല്‍ പരത്തുന്നതാണ് ഈ നീക്കം. പലരും വിദ്യാഭ്യാസത്തിനു ശേഷം അവിടെ സ്ഥിര താമസമാക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് നിരവധി പേരാണ് കാനഡയില്‍ പഠനത്തിനായും താത്കാലിക വര്‍ക്ക് പെര്‍മിറ്റ് വഴി ജോലിയ്ക്കായും പോയത്.

കുടിയേറ്റം കൂടുന്നത് ട്രൂഡോക്കെതിരായ വികാരം ആയി
കുടിയേറ്റം കൂട്ടുന്നത് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ ഗവണ്മെന്റിനെതിരേ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായ വോട്ടെടുപ്പില്‍ പിന്നിലാവുകയും ഈ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയം നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. 2025 ഒക്ടോബറിനുശേഷം നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പോടെ ഈ വിഷയം കനേഡിയന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ചൂടുപിടിച്ച വിവാദമായി മാറുമെന്ന് ഉറപ്പാണ്.


