02
Sep 2024
Thu
02 Sep 2024 Thu
Supreme Court Rejects Gujarat Plea To Remove Bilkis Bano Case Criticism

ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസിലെ കുറ്റവാളികളെ വെറുതെവിട്ട നടപടിക്കെതിരേ സുപ്രിംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കും മുമ്പേ കേസിലെ കുറ്റവാളികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിംകോടതി നടത്തിയ ചില വിമര്‍ശനങ്ങള്‍ നീക്കണമെന്ന അപേക്ഷിച്ച് ഗുജറാത്ത് സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2002ലെ ഗുജറാത്ത് കലാപവേളയിലായിരുന്നു ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. ഈ കേസിലെ 11 പ്രതികളെയാണ് ശിക്ഷ പൂര്‍ത്തിയാക്കും മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ജയിലിലെ മികച്ച പെരുമാറ്റം പരിഗണിച്ച് മോചിപ്പിച്ചത്. അതേസമയം റിവ്യൂ പെറ്റീഷന്‍ പരിഗണിച്ച കോടതി രേഖകള്‍ പരിശോധിച്ചതായും അതില്‍ ഒഴിവാക്കേണ്ടതായി യാതൊന്നുമില്ലെന്നും വ്യക്തമാക്കി. കുറ്റവാളികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ജനുവരിയിലാണ് സുപ്രിംകോടതി റദ്ദാക്കിയത്.

കുറ്റവാളികളോട് ജയിലിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് കുറ്റവാളികളെ മോചിപ്പിക്കാനുള്ള യോഗ്യതയില്ലെന്നും വ്യക്തമാക്കിയിരുന്നു. യുക്തിയില്ലാത്ത നടപടിയായിരുന്നു സര്‍ക്കാരിന്റേതെന്നു ചൂണ്ടിക്കാട്ടിയ കോടതി ഗുജറാത്ത് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അധികാരദുര്‍വിനിയോഗമാണ് സര്‍ക്കാരിന്റേതെന്നും കോടതി നിരീക്ഷിച്ചിരുന്നു.ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച കുറ്റവാളികള്‍ക്ക് ബിജെപി എംപിയുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ മാലയിട്ട് സ്വീകരണം ഒരുക്കിയിരുന്നു.

ALSO READ: ബൽകീസ് ബാനു കേസിൽ പ്രതികളെ വെറുതെവിട്ട നടപടി സുപ്രിംകോടതി റദ്ദാക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക