30
Jul 2026
Thu
30 Jul 2026 Thu
Abhijeet Dipke with his mother Anita Dipke and father Bhagwan Shankar Dipke

കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയ്ക്ക് ബി.ജെ.പിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചതായി പിതാവ് ഭഗവാന്റാവു ദീപ്‌കെ. മകന്‍ പാര്‍ട്ടി രൂപീകരിച്ചതിന് തൊട്ടുപിന്നാലെ മേയ് പകുതിയോടെയാണ് യൂട്യൂബ് റീലിലൂടെ ഭീഷണി സന്ദേശം കണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി അംഗത്വം എടുത്തില്ലെങ്കില്‍ മാതാപിതാക്കള്‍ എവിടെയാണെന്ന് അറിയാമെന്നും അവരെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ ആഴ്ചകള്‍ നീണ്ട വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ശേഷം മഹാരാഷ്ട്രയിലെ സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തിയതായിരുന്നു അഭിജിത്ത്. സ്വന്തം ജോലിവരെ ഉപേക്ഷിച്ചാണ് അഭിജിത്ത് പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയതെന്നും വലിയ ആഘോഷങ്ങളില്ലാതെ ലളിതമായാണ് അദ്ദേഹത്തെ നാട്ടിലേക്ക് സ്വീകരിച്ചതെന്നും കുടുംബം പറഞ്ഞു.

പൊതുവേ പബ്ലിസിറ്റിയോട് താല്‍പര്യമില്ലാത്തയാളാണ് ദീപ്‌കെ. മുമ്പ് നാട്ടിലേക്ക് വന്നപ്പോള്‍ വലിയ പ്രചാരണം കൊടുത്തിട്ടില്ലെന്നും കുടുംബം അറിയിച്ചു.

നാട്ടിലെത്തിയ ശേഷം, ഛത്രപതി ശിവാജി മഹാരാജിനും ഡോ. ബി.ആര്‍. അംബേദ്കര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചതായി ദീപ്‌കെ എക്‌സില്‍ (X) കുറിച്ചു.

നേരത്തെ, രാജ്യവ്യാപകമായി സി.ജെ.പി നടത്തുന്ന പ്രക്ഷോഭങ്ങളുടെ മുഖമായി ഉയര്‍ന്നുവന്നതോടെ 30-കാരനായ അഭിജിത്തിന് നിരവധിയായ വിവാഹാലോചനകള്‍ വരുന്നുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

പ്രക്ഷോഭത്തിന് മുമ്പുതന്നെ ആലോചനകള്‍ വന്നിരുന്നുവെങ്കിലും സമരം ദേശീയ ശ്രദ്ധ നേടിയതോടെ ഇത് ഗണ്യമായി വര്‍ധിച്ചതായി മാതാവ് അനിത ദീപ്‌കെ പറഞ്ഞു. ‘ഞങ്ങള്‍ കുറച്ചുകാലമായി അഭിജിത്തിനോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അവന്‍ നാട്ടിലെത്തുമ്പോള്‍ ഇതിനെക്കുറിച്ച് ഞങ്ങള്‍ വീണ്ടും സംസാരിക്കും, എന്നാല്‍ അന്തിമ തീരുമാനം അവന്റേതായിരിക്കും,’ അവര്‍ പറഞ്ഞു.

ആരാണ് അഭിജിത്ത് ദീപ്‌കെ?

ഛത്രപതി സംബാജിനഗറില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും പുനെയില്‍ നിന്ന് ജേണലിസവും പൂര്‍ത്തിയാക്കിയ അഭിജിത്ത്, യു.എസിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നാണ് മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയത്. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിക്ക് (ആപ്) വേണ്ടി പ്രവര്‍ത്തിച്ചു.

രാജ്യത്തെ യുവാക്കളെ ‘പാറ്റകള്‍’ (Cockroaches) എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് മേയ് 16-നാണ് അഭിജിത്ത് ‘കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ പ്രസ്ഥാനം തുടങ്ങിയത്. പിന്നീട് ഇത് രാജ്യവ്യാപകമായ യുവജന പ്രക്ഷോഭമായി മാറി. നീറ്റ് (NEET) ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലും പ്രതിഷേധിച്ച് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറിലും പാര്‍ലമെന്റിലേക്കും സി.ജെ.പി ഭാരവാഹികള്‍ കൂറ്റന്‍ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു.

മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി, പ്രക്ഷോഭകര്‍ക്കെതിരെയുള്ള എഫ്.ഐ.ആറുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 25-ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

വീണ്ടും സമരത്തിന് മുന്നറിയിപ്പ്

സമരം അവസാനിപ്പിച്ചിട്ടും വിദ്യാര്‍ത്ഥികളെ പോലീസ് വേട്ടയാടുകയാണെന്നും അവര്‍ക്കെതിരെയുള്ള കേസുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടില്ലെന്നും അഭിജിത്ത് ദീപ്‌കെ ആരോപിച്ചു. വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ ഇതിലും വലിയ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ പാസാക്കിയ പേപ്പര്‍ ചോര്‍ച്ച വിരുദ്ധ ബില്ലിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച അദ്ദേഹം ഭരണത്തില്‍ നിന്നൊഴിഞ്ഞ് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാകുന്നതാണ് നല്ലതെന്നും പരിഹസിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക