30
Sep 2024
Fri
30 Sep 2024 Fri
Bihar Jitiya Festival

പാട്‌ന: ബിഹാറിലെ ജിതിയ ഉത്സവത്തിലെ സ്‌നാനത്തിനിടെ നദികളില്‍ മുങ്ങിമരിച്ചവരുടെ എണ്ണം 46 ആയി. ഇതില്‍ 37 കുട്ടികളൂം ഉള്‍പ്പെടുന്നുണ്ട്.(In Bihar, the number of people who drowned during Jitiya festival reached 46)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചമ്പാരന്‍, സിവാന്‍, മുസാഫര്‍പുര്‍, സമസ്തിപൂര്‍, ഗോപാല്‍ഗഞ്ച്, വൈശാലി, കൈമുര്‍, ബക്സര്‍, ഔറംഗബാദ്, റോഹ്താസ്, സാരന്‍, പാട്‌ന, നളന്ദ, അര്‍വാള്‍ തുടങ്ങിയ ജില്ലകളിലാണ് മരണങ്ങളുണ്ടായിരിക്കുന്നത്. ഔറംഗബാദിലാണ് ഏറ്റവും കൂടുതല്‍ മരണം. ഒമ്പതു പേരാണ് ഇവിടെ മരിച്ചത്. സാരനില്‍ അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു.

മരിച്ചവരില്‍ കുട്ടികള്‍ക്ക് പുറമെ ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉള്ളത്. മൂന്ന് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായാണ് ജിതിയ സ്നാനം നടന്നത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: പൂരം കലക്കല്‍: സേവാഭാരതി ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതിനെതിരേ പരാതി

അതേസമയം, ജിതിയ സ്നാനം നടന്ന കുളങ്ങളിലും നദികള്‍കളിലും ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ നദീതടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ സ്‌നാനത്തിന് ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. സുരക്ഷാ നടപടികള്‍ അവഗണിച്ചുകൊണ്ടാണ് ആളുകള്‍ നദികളിലേക്ക് ഇറങ്ങിയതെന്ന് ഡി.എം.ഡി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുടനീളമായി കുട്ടികളുടെ ദീര്‍ഘായുസിനായി സ്ത്രീകള്‍ അനുഷ്ഠിക്കുന്ന ആചാരമാണ് ജിതിയ വ്രതം.