16
Oct 2024
Wed
16 Oct 2024 Wed
tp madhavan

Breaking News: നടന്‍ ടി.പി മാധവന്‍ അന്തരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: മലയാള നടനും നിര്‍മ്മാതാവുമായ ടി.പി മാധവന്‍ (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനില്‍ താമസിച്ചുവരികയായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് ശാന്തികവാടത്തില്‍ നടക്കും. ദേവിക, രാജാകൃഷ്ണ മേനോന്‍ എന്നിവരാണ് മക്കള്‍.

കഴിഞ്ഞ ദിവസം ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.

സിനിമയോടുള്ള താല്‍പ്പര്യംമൂലം കുടുംബം പോലും ഉപേക്ഷിച്ചാണ് മാധവന്‍ ചലച്ചിത്ര മേഖലയിലെത്തുന്നത്. 1975ല്‍ രാഗം ആണ് വേഷമിട്ട ആദ്യ സിനിമ. സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം എന്നിവയാണ് മാധവന്റെ ശ്രദ്ധേയമായ സിനിമകള്‍. നിരവധി സീരിയലുകളിലും അഭിനയിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് 2016ല്‍ സിനിമാഭിനയ രംഗം വിട്ടു. രാജകൃഷ്ണ മേനോന്‍ എയര്‍ ലിഫ്റ്റ് എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ താരസംഘടനയായ AMMAയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1994 മുതല്‍ 1997 വരെ അമ്മ ജനറല്‍സെക്രട്ടറിയും 2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

വരവ് വില്ലനായി

ഗ്രന്ഥകാരനും വിദേശ സര്‍വകലാശാലകളിലെ ഡീനുമായിരുന്ന ഡോ. എന്‍. പരമേശ്വരന്‍ പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മകനായി 1935 ല്‍ തിരുവനന്തപുരത്തെ വഴുതക്കാടാണ് മാധവന്റെ ജനനം. സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം അക്കാലത്ത് ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമയും കരസ്ഥമാക്കിയെങ്കിലും പഠിച്ച കരിയരിന് പിന്നാലെ കൂടുതല്‍ കാലം പോകാതെ സിനിമയിലെത്തുകയായിരുന്നു.

1960 ല്‍ കൊല്‍ക്കത്തെ പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയില്‍ ബ്യൂറോ ചീഫായി. ബിറ്റ്‌സ്, ഫ്രീ പ്രസ് ജേണല്‍ എന്നിവയിലും ഇന്ത്യന്‍ എക്‌സ്പ്രസിലും കേരള കൗമുദിയിലും ജോലി ചെയ്തു. ബെംഗളുരുവില്‍ സ്വന്തമായി പരസ്യകമ്പനി തുടങ്ങി. ഇതിനിടെയാണ് സിനിമയിലെത്തിയത്.

സിനിമയില്‍ വില്ലനായാണ് രംഗപ്രവേശം. പിന്നീട് തനി മലയാളിത്തമുള്ള വേഷങ്ങളിലൂടെ ചിരിപടര്‍ത്തിയ നടനായി. അറുനൂറിലധികം സിനിമകളിലും മുപ്പതിലധികം ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു.

2015 ഒക്ടോബറിലെ ഹിമാലയന്‍ യാത്രയ്ക്കിടെ ഹരിദ്വാറില്‍വച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഗാന്ധിഭവനിലെത്തിയശേഷം ഓര്‍മകള്‍ വീണ്ടെടുക്കാന്‍ ഒരു സ്വയം ചികില്‍സയെന്നപോലെ സിനിമാക്കഥകള്‍ പങ്കുവച്ചായിരുന്നു ജീവിതം.