|
രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആധാര്‍ മാതൃകയില്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ‘ഒരു രാജ്യം ഒരു വിദ്യാര്‍ഥി ഐഡി’ (APAAR: One Nation One Student ID Card) പദ്ധതി നടപ്പാക്കുന്നത്. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (എപിഎഎആര്‍ അഥവാ APAAR) എന്ന പേരിലാണ് ആധാര്‍ മാതൃകയില്‍ നമ്പര്‍ അനുവദിക്കുക.
ഹൈസ്‌കൂള്‍ പഠനസമയത്തെ വിദ്യാര്‍ഥികളുടെ വിവരശേഖരണത്തിനായാണ് ഓണ്‍ലൈന്‍ ‘അക്കാദമിക് ബാങ്ക്’ കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിക്കും 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. കുട്ടികളുടെ ആധാര്‍ കാര്‍ഡ് നമ്പറിലെ അടിസ്ഥാന വിവരങ്ങള്‍ ഉപയോഗിച്ചാകും അപാര്‍ നമ്പര്‍ സൃഷ്ടിക്കുക. ആധാര്‍ ഉള്ളവരും അപാര്‍ എടുക്കേണ്ടിവരും.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമായിരിക്കും. ID കാര്‍ഡില്‍ QR കോഡുണ്ടാകും. കുട്ടിയുടെ അക്കാഡമിക് വിവരങ്ങളും നേട്ടങ്ങളും കഴിവുകളുമെല്ലാം ഇതിലുണ്ടാകും. ഇതിനൊപ്പം പരീക്ഷാ ഫലം, സ്‌പോര്‍ട്‌സ്, ഒളിമ്പ്യാഡ് ഫലങ്ങള്‍ എന്നിവയും ഡിജിറ്റലായി സൂക്ഷിക്കും. ഒരു സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളിലേക്ക് മാറുന്നതിന് ഈ നമ്പര്‍ ഉപകരിക്കും.

ആധാറിന് സമാനമായി രക്ത ഗ്രൂപ്പ്, വിദ്യാര്‍ഥിയുടെ ഉയരം, തുക്കം തുടങ്ങിയ വിവരങ്ങളും തിരിച്ചറിയല്‍ നമ്പറിനായി ശേഖരിക്കും. ഇവ രഹസ്യമായി സൂക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതെല്ലാം ആവശ്യമായി വരുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം പരിശോധിക്കാനും കഴിയും.
2023 ഒക്ടോബറില്‍ തന്നെ അപാര്‍ നമ്പറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അപാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നിര്‍മാണത്തിനായി മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങാന്‍ എല്ലാ സ്‌കൂളുകള്‍ക്കും സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായും ഒരുവിഭാഗത്തുനിന്ന് ഉയരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത രാജ്യത്ത് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോരുമെന്നും ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടുകയും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുമ്പോഴാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. രാജ്യത്തെ വിദ്യാലയങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ട് മതി അപാര്‍ എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Not Aadhaar, Apaar; All students get uniform identification number


