|
കൊച്ചി: സി.പി.എം എം.എല്‍.എയും നടനുമായ മുകേഷ് അറസ്റ്റിലായി. ആലുവ സ്വദേശിനിയായ നടി നല്കിയ പരാതിയില്‍ വടക്കാഞ്ചേരി പോലീസ് ആണ് മുകേഷിനെ അറസ്റ്റ് ചെയ്ത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉടന്‍ തന്നെ അദ്ദേഹത്തെ വിട്ടയച്ചു. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും അറസ്റ്റ് വിവരം പോലീസ് പുറത്തുവിടാതെ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.
2011 ല്‍ തൃശൂര്‍ വാഴാനിക്കാവില്‍ നടന്ന സംഭവത്തില്‍ ആലുവാ സ്വദേശിയായ നടി നല്കിയ പരാതിയിലാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് നടനെ അറസ്റ്റ് ചെയ്തത്. അഭിഭാഷകനൊപ്പമെത്തിയ മുകേഷിനെ തൊട്ടുടന്‍ വിട്ടയക്കുകയുംചെയ്തു. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പെട്ടെന്ന് തന്നെ വിട്ടയച്ചത്.
2011 ല്‍ വാഴാനിക്കാവില്‍ സിനിമാ ചിത്രീകരണ സമയത്ത് ഹോട്ടല്‍ മുറിയില്‍ അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതി. മലയാള സിനിമാ രംഗത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അടുത്തിടെയാണ് സംഭവത്തില്‍ നട പരാതി നല്‍കിയത്. തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
സിനിമാ മേഖലയില്‍ നിന്നുള്ള പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അതിന് ശേഷമുള്ള സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. വിവരം പുറത്തുപോകാതിരിക്കാന്‍ പൊലീസുകാര്‍ക്ക് എസ്പി നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. കേസില്‍ നേരത്തെ തന്നെ മുകേഷിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.
Mukesh arrested on actress complaint, later released; Police hiding information


