|
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് ഉളളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇവിടെയെല്ലാം പ്രവചിക്കുന്നത്.
ദാന ചുഴലിക്കാറ്റ് കര തൊടും
ദാന ചുഴലിക്കാറ്റ് ഇന്നു കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത തുടരും. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതുപ്രകാരം 5 സംസ്ഥാനങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും സജ്ജമാണ്. ദന വരുന്നതിനാൽ വൈകീട്ട് 6 മണിമുതൽ കൊൽക്കത്ത വിമാനത്താവളം അടച്ചിടും.
തെക്കൻ കേരളത്തിൽ വ്യാപക നഷ്ടം
കേരളത്തിലെ മിക്കയിടങ്ങളിലും ഇന്നലെ കനത്ത മഴയായിരുന്നു പെയ്തത്. നാശ നഷ്ടങ്ങൾ റിപോർട്ട് ചെയ്തു.പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും. കാട്ടാക്കടയിലും കനത്തമഴ ജനജീവിതം ദുസഹമാക്കി. ശക്തമായ മഴയിൽ ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ വാകമരം കടപുഴകി റോഡിൽ വീണു. ഇലക്ട്രിക് ലൈനിലും സമീപത്തെ കടയുടെ മുകളിലേക്കുമാണ് മരം വീണത്. ഇതുവഴി കടന്നുപോയ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റിരുന്നു. ഗതാഗത തടസ്സം രൂപപ്പെട്ടു.
എറണാകുളത്ത് മഴയിൽ കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. രാത്രി എട്ടരയോടെയാണ് മതിൽ ഇടിഞ്ഞ് വീണത്. 10 മീറ്ററോളം മതിൽ ഇടിഞ്ഞു വീണു. ആളപായമില്ല.
ഇടുക്കിയിൽ ശക്തമായി പെയ്ത മഴയിൽ വണ്ണപ്പുറത്ത് രണ്ട് പേർ ഒഴുക്കിൽ പെട്ടിരുന്നു. ഇതില്‍ ഒരാൾ മരിച്ചു.


