തെല്‍അവീവ്: ലബ്‌നാനില്‍ ബോംബിടുന്നതിന് വേണ്ടി പറക്കാനൊരുങ്ങിയ ഇസ്രായേലി യുദ്ധവിമാനം കൂട്ടിയിടില്‍ നിന്ന് രക്ഷപ്പെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തില്‍. ശനിയാഴ്ച രാത്രി റാമത് ഡേവിഡ് എയര്‍ബേസിലെ റണ്‍വേയിലാണ് സംഭവം.
|
യുദ്ധവിമാനത്തിന്റെ കോക്പിറ്റില്‍നിന്നുള്ള സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ലബനനില്‍ വ്യോമാക്രമണം നടത്താനുള്ള ഇസ്രായേലി എയര്‍ഫോഴ്‌സിന്റെ എഫ് -16 ഫൈറ്റര്‍ ജെറ്റ് റാമത് ഡേവിഡ് എയര്‍ബേസില്‍ നിന്ന് പറന്നുയരുന്നതിനിടെ, മറ്റൊരു യുദ്ധവിമാനം മുന്നറിയിപ്പില്ലാതെ റണ്‍വേ മുറിച്ചുകടക്കുകയായിരുന്നു.
ഒന്നോ രണ്ടോ സെക്കന്റ് കൂടി വിമാനം മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ വലിയ കൂട്ടിയിടി നടക്കുമായിരുന്നു. അവസാന നിമിഷം അപകടം തിരിച്ചറിഞ്ഞ പൈലറ്റ് ദിശമാറ്റി രക്ഷപ്പെടുകയായിരുന്നുവെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനം റണ്‍വേയിലൂടെ പറന്നുയരാന്‍ ശ്രമിക്കവെ മറ്റൊരു വിമാനം റണ്‍വേ മുറിച്ചുകടക്കാനെത്തുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് ശേഷമുള്ള ദൃശ്യങ്ങള്‍ ലഭ്യമല്ല. വിമാന ജീവനക്കാര്‍ അതിവേഗം പ്രഫഷനലായി പ്രതികരിച്ചതിനാല്‍ ഗുരുതര സുരക്ഷാവീഴ്ച ഒഴിവായതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും സൈന്യം വ്യക്തമാക്കി.
മറ്റൊരു വിമാനം റണ്‍വേയിലുണ്ടായിരിക്കേ പറന്നുയരാന്‍ കണ്‍ട്രോള്‍ ടവര്‍ തെറ്റായി അനുമതി നല്‍കിയതാണ് സംഭവത്തിന് കാരണമായത്.


