17
Jun 2026
Wed
17 Jun 2026 Wed
veena vijayan ED office

സിഎംആര്‍എല്‍ -എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 9 മണിക്കൂറോളം നേരമാണ് വീണയെ ഇഡി വിശദമായി ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎല്‍എക്കൊപ്പമാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. കനത്ത സുരക്ഷയാണ് ഇഡി ഓഫീസിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 12ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹാജരാകാത്ത സാഹചര്യത്തില്‍ 17ന് എത്താന്‍ ഇഡി വീണ്ടും സമന്‍സ് അയക്കുകയായിരുന്നു.

നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്‌സലോജിക്കിന് 2.78 കോടി രൂപ നല്‍കിയത് എന്തിനാണ് എന്നതാണ് ഇഡി അന്വേഷിക്കുന്നത്. സിഎംആര്‍എല്‍ നല്‍കിയ പണം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതും അന്വേഷണ വിധേയമായി. മേയ് 27ന് നടത്തിയ റെയ്ഡില്‍ വീണയുടെ ബാങ്ക് അക്കൗണ്ട് രേഖകളും മൊബൈല്‍ ഫോണും ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നു.

സിഎംആര്‍എല്‍ അനുബന്ധ കമ്പനിയായ എംപവര്‍ ഇന്ത്യയില്‍ നിന്ന് രണ്ട് തവണയായി ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പ്പ തിരിച്ചടച്ചോ എന്നത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായതായാണ് സൂചന.
ഹാജരാക്കിയ ബാങ്ക് എക്കൗണ്ട് വിവരങ്ങളുടെ വിശദാംശങ്ങളും വീണയില്‍ നിന്ന് ശേഖരിച്ചു.

ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്, എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് വീണയോടുള്ള ചോദ്യങ്ങള്‍. അതേസമയം, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ്‌കര്‍ത്ത, ഭാര്യയും ജയ എസ്. കര്‍ത്ത, മകള്‍ ഷിബി എസ്. കര്‍ത്ത എന്നിവരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.