17
Oct 2024
Wed
17 Oct 2024 Wed
Benjamin Netnyahu

ഹിസ്ബുല്ലയുടെയും ഇറാന്റെയും വ്യോമാക്രമണ ഭീഷണിയെത്തുടര്‍ന്ന് മകന്‍ അവ്നേറിന്റെ വിവാഹം മാറ്റിവെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടൈംസ് ഓഫ് ഇസ്രഈല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെതന്യാഹുവിന്റെ മകന്റെ വിവാഹം നവംബര്‍ 26ന് ടെല്‍ അവീവിന്റെ വടക്കുള്ള ഷാരോണ്‍ മേഖലയിലെ റോണിറ്റ് ഫാമില്‍ വെച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഈ ദിവസം വിവാഹം നടത്തിയാല്‍ അത് പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെ ജീവനുള്‍പ്പെടെ ഭീഷണിയാവുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

ALSO READ: തളിപ്പറമ്പില്‍ സഹോദരങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ചുമരിച്ചു; ഇരുവരുടെയും ഭാര്യമാര്‍ രോഗംബാധിച്ചു ചികില്‍സയില്‍

ഒക്ടോബര്‍ 19ന് തെക്കന്‍ ഹൈഫയിലെ സിസേറിയയിലുള്ള നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെ ഹിസ്ബുല്ല വ്യോമാകമണം നടത്തിയിരുന്നു. എന്നാല്‍, ഡ്രോണ്‍ ആക്രമണം നടക്കുന്ന സമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഇറാന്റെയും ഹിസ്ബുല്ലയുടേയും ആക്രമണങ്ങള്‍ ഭയന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ മന്ത്രിസഭ യോഗം രഹസ്യഭൂഗര്‍ഭ അറയിലാണ് നടന്നത്. ഇനി മുതല്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചോ ഐ.ഡി.എഫിന്റെ ആസ്ഥാനത്ത് വെച്ചോ മീറ്റിങ്ങുകള്‍ ചേരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇസ്രഈലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളും നെതന്യാഹുവിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇസ്രഈല്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 43,000 കടന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ 92,401 പേര്‍ക്ക് പരിക്കേല്‍ക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു.