25
Nov 2024
Mon
25 Nov 2024 Mon

തൃശ്ശൂർ: കേരളത്തിലെ കെ. സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ വെട്ടിലായ കൊടകര ഹവാല കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന മുതിർന്ന നേതാവ് ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. സതീശന്റെ വീട്ടിൽ അദ്ദേഹത്തിൻ്റെ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രങ്ങൾ തിരൂർ സതീശനാണ് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സതീശൻ്റെ വീട്ടിൽ താൻ പോയിട്ടില്ല എന്നായിരുന്നു ഇന്നലെ ശോഭാസുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ശോഭാ വീട്ടിലെത്തിയ ചിത്രങ്ങൾ തിരൂർ സതീഷ് പുറത്തു വിടുകയായിരുന്നു.
ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പറഞ്ഞു.

കൊടകര ഹവാല കേസില തിരൂര്‍ സതീശിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെനന്നായിരുന്നു ശോഭ സുരേന്ദ്രൻ തുടക്കത്തിൽ തന്നെ പറഞ്ഞുവന്നത്. സതീഷൻ തന്നെ കാണാൻ വന്നിട്ടില്ലെന്നും സതീഷിന്റെ വീട്ടിൽ ഒരിക്കലും പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതാണ് ഇപ്പൊൾ പൊളിഞ്ഞത്.

തൃശൂരില്‍ 12 കോടിയും തിരുവനന്തപുരത്ത് 11.5 കോടിയും നൽകി

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി കള്ളപ്പണം എത്തിച്ചതിന്‍റെ കണക്കുകൾ വ്യക്തമാക്കി ഇടപാടുകാരനായ ധർമരാജന്‍റെ കൂടുതൽ മൊഴിവിവരങ്ങൾ പുറത്തുവന്നു. കൂടുതൽ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം ജില്ലയില്‍ നല്‍കിയെന്നും 11.5 കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്‌തെന്നും ധർമരാജൻ മൊഴി നൽകി. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവർച്ച ചെയ്യപ്പെട്ടെന്നും മൊഴിയിലുണ്ട് .

കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് കെ. സുരേന്ദ്രന്‍റെ അറിവോടെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായർ, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവർ പണം എത്തിക്കാന്‍ നിർദേശം നൽകിയതായും കണ്ടെത്തി.

തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ഹവാല കേസിൽ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കുന്നത് പുതിയ വെളിപ്പെടുത്തൽ പരിശോധിച്ച ശേഷം മതിയെന്നാണ് സർക്കാരിൻ്റെ നിലപാട്.