16
Nov 2024
Thu
16 Nov 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഓഹരികള്‍ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ (ADX) ലിസ്റ്റ് ചെയ്തതോടെ, പുതിയ നാഴികക്കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ്. ഓഹരി വില്‍പ്പനയിലൂടെ യുഎഇയില്‍ സ്വകാര്യ വ്യക്തികളില്‍ രണ്ടാമത്തെ സമ്പന്നനായി ലുലു ഗ്രൂപ്പ് ഉടമ MA യൂസഫലി മാറുകയും ചെയ്തു.

യുഎഇ സമയം ഇന്ന് രാവിലെ 10നായിരുന്നു ലിസ്‌റ്റ് ചെയ്തത്. ഐപിഒയ്ക്ക്ശേഷം നിർണയിച്ച പ്രൈസ് ബാൻഡ് 2.04 ദിർഹം (ഏകദേശം 46.88 രൂപ) ആയിരുന്നെങ്കിലും ഓഹരികൾ ഒരുവേള 1.4% താഴ്ന്ന് 2.01 ദിർഹം (46.19 രൂപ) വരെയെത്തി.

ലിസ്റ്റ് ചെയ്തു വ്യാപാരം ആരംഭിച്ച് ആദ്യ 20 മിനിറ്റിൽ തന്നെ 4 കോടിയിലേറെ ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. നഷ്ടം പൂർണമായി ഒഴിവാക്കി വില 2.04 ദിർഹത്തിലേക്ക് തിരികെകയറി. യുഎഇയിലെ ഏറ്റവും വലിയ എക്സ്ചേഞ്ചായ ADXലെ 100-ാമത്തെ ലിസ്റ്റിങ്ങായിരുന്നു ലുലു റീട്ടെയിലിന്റേത്.

ലുലു റീട്ടെയിലിന്റെ 172 കോടി ഡോളറിന്റെ റെക്കോഡ് ബ്രേക്കിങ് ഐപിഒയിലൂടെ യൂസഫലിയുടെ ആസ്തി 760 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ യൂസഫലിയുടെ ആസ്തി 530 കോടി ഡോളറായിരുന്നു. ഐപിഒയില്‍ 82,000 റീട്ടെയില്‍ നിക്ഷേപകരാണ് ഓഹരികള്‍ക്കായി സബ്സ്‌ക്രൈബ് ചെയ്തത്. ലുലു ബ്രാന്‍ഡിലുള്ള വിശ്വാസമാണ് ഇത് പ്രകടമാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീട്ടെയ്ൽ ഒക്ടോബർ 28 മുതൽ നവംബർ 5 വരെയായിരുന്നു പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ചത്. ആദ്യം 25% ഓഹരികൾ വിറ്റഴിക്കാനായിരുന്നു തീരുമാനമെങ്കിലും മികച്ച പ്രതികരണം ലഭിച്ചതോടെ 30 ശതമാനത്തിലേക്ക് ഉയർത്തി.

മൊത്തം 3,700 കോടി ഡോളറിന്റെ (ഏകദേശം 3.12 ലക്ഷം കോടി രൂപ) സബ്സ്ക്രിപ്ഷൻ അപേക്ഷകളാണ് ലുലു ഓഹരികൾക്ക് ലഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാരിത സ്ഥാപനത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സബ്സ്ക്രിപ്ഷനാണിത്.

യൂസഫലിയുടെ 69-ാം ജന്മദിനമായ നവംബര്‍ 15ന് ഒരു ദിവസം മുമ്പാണ് ഗ്രൂപ്പിൻ്റെ ഐപിഒ ലിസ്റ്റിങ് നടന്നത്. ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയിലെ ഏറ്റവും ധനികനായ മലയാളിയും ഫോബ്സ് ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 39-ാം റാങ്ക് ഉള്ള യൂസഫലിക്ക് ഐപിഒ ലിസ്റ്റിങ് കൂടുതല്‍ മുന്നേറാന്‍ അവസരം നൽകും.

1974ല്‍ ദുബായില്‍ ഒരു ചെറിയ വ്യാപാര കേന്ദ്രത്തിൽ തുടക്കം കുറിച്ചാണ് ഉന്നത്തെ നിലയിലേക്ക് യൂസഫലിയും ലുലുവും എത്തിയത്. നിലവിൽ 240ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും എക്‌സ്പ്രസ്, മിനി മാര്‍ക്കറ്റ് സ്റ്റോറുകളുമായി കമ്പനി ഇപ്പോള്‍ ആറ് ജിസിസി രാജ്യങ്ങളിലാണ് വ്യാപിച്ച് കിടക്കുക ആണ്.

Milestone for ma Yusuff Ali as Lulu Retail gets listed on ADX