21
Nov 2024
Fri
21 Nov 2024 Fri
Sanju Samson and Tilak Varma completes their centuries against SA

തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്കു ശേഷം ഫോമിലേക്ക് തിരിച്ചുവന്ന സഞ്ജുസാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തന്റെ രണ്ടാം സെഞ്ച്വറി നേടി. അഭിഷേക് ശര്‍മ പുറത്തായ ശേഷം സഞ്ജുവിന് കൂട്ടായെത്തിയ തിലക് വര്‍മയും തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഞ്ജു 56 പന്തുകളില്‍ നിന്ന് ആറ് ഫോറുകളുടെയും 9 സിക്‌സുകളുടെയും അകമ്പടിയോടെ 109 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ കേവലം 47 പന്തുകളില്‍ നിന്ന് 9 ഫോറുകളും 10 സിക്‌സുകളും പായിച്ച് 120 റണ്‍സും നേടി. 18 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് പുറത്തായ അഭിഷേക് വര്‍മ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായ ഏക വിക്കറ്റ്. 284 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. ഒട്ടേറെ ക്യാച്ച് അവസരങ്ങളാണ് ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തിയത്. വൈഡുകളും നോബോളുകളുമടക്കം 18 അധിക റണ്‍സാണ് ദക്ഷിണാഫ്രിക്ക വഴങ്ങിയത്.

ജൊഹാനസ് ബര്‍ഗിലെ ഉയര്‍ന്ന ടീം സ്‌കോര്‍, രണ്ടാം വിക്കറ്റിലെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് തുടങ്ങി നിരവധി റെക്കോഡുകളും ടീം ഇന്ത്യയുടെ പേരിലാക്കിയ മല്‍സരമായിരുന്നു ഇത്.
മാര്‍ക്കോ ജാന്‍സന്‍ നാലോവറില്‍ 42ഉം ജെറാല്‍ഡ് കേട്‌സീ രണ്ടോവറില്‍ 43ഉം സീപംല നാലോവറില്‍ 58ഉം മൂന്നോവറില്‍ സിമലാനേ 47ഉം കേശവ് മഹാരാജ് മൂന്നോവറില്‍ 42ഉം മാര്‍ക്രം  രണ്ടോവറില്‍ 30 സ്റ്റബ്‌സ് ഒരോവറില്‍ 21 റണ്‍സ് വഴങ്ങി.

അന്താരാഷ്ട്ര ടി ട്വന്റിയില്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി തിലക് വര്‍മ മാറി. സഞ്ജുവാണ് കഴിഞ്ഞദിവസം ഈ ഖ്യാതി നേടിയത്. ആകെ അഞ്ച് താരങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.