പാലക്കാട്: തീപാറിയ ആവേശ പ്രചാരണത്തിനൊടുവില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. (Palakkad election campaign ends today) അവസാന ലാപ്പിലെത്തുമ്പോഴും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
|
വൈകിട്ട് മൂന്നോടെ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നഗരത്തിലെത്തും. സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക.
നിരവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തി പ്രകടനത്തിനായിരിക്കും മുന്നണികള്‍ പ്രാധാന്യം നല്‍കുക. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക.
ALSO READ: മരണാനന്തര പ്രാര്‍ഥനാ ചടങ്ങ് നടക്കവേ ‘മരിച്ചയാള്‍’ സദസ്സിലേക്ക് നടന്നെത്തി
ഒലവക്കോട് നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പി സരിനും, മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോയും ആരംഭിക്കും. ഇരട്ട വോട്ട്, കള്ളപ്പണ ആരോപണം തുടങ്ങി നിരവധി വിഷയങ്ങളാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി ഉയര്‍ന്നത്.
കള്ളവോട്ട് ആരോപണം ഇന്നും ശക്തമായി ഉന്നയിക്കാനാണ് എല്‍ഡിഎഫ് പ്ലാന്‍. വ്യാജ വോട്ടുകള്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നുവെന്നാണ് എല്‍ഡിഎഫ് ആരോപണം .ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് രാവിലെ കളക്ടറേറ്റിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് സംഘടിപ്പിക്കും.
മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പ്രചാരണ ചൂടില്‍
പാലക്കാടിന് പുറമെ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. ഒറ്റഘട്ടത്തിലായി നവംബര്‍ 20ന് 288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്ര വിധി തേടുന്നത്. രണ്ട് ഘട്ടങ്ങളായാണ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ്. 81 സീറ്റുകളിലേക്കാണ് ജാര്‍ഖണ്ഡ് വിധി തേടുന്നത്.
വിഭജിച്ചാല്‍ നശിക്കും എന്നര്‍ത്ഥം വരുന്ന ‘ബാത്തേംഗേ തോ കാട്ടേംഗെ’ എന്ന മുദ്രാവാക്യമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗം നേരിടുന്ന പ്രതിസന്ധികള്‍ നിലനില്‍ക്കെ ഹിന്ദുസമൂഹത്തോട് ഐക്യത്തോടെ നില്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബിജെപിയുടെ താരപ്രചാരകനായ യോഗി പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കാനായിരുന്നു ഈ മുദ്രാവാക്യം പ്രയോഗിച്ചിരുന്നത്. ഭയപ്പെട്ടാല്‍ മരണമാണ് കാത്തിരിക്കുന്നത് എന്നായിരുന്നു ബിജെപി വാദത്തോട് കോണ്‍ഗ്രസിന്റെ പ്രതികരണം. മഹാരാഷ്ട്രയില്‍ എന്‍സിപിയേയും ശിവസേനയേയും വിഭജിച്ച വിമത നേതാക്കളായ അജിത് പവാറും ഏക്നാഥ് ഷിന്‍ഡെയും മത്സരരംഗത്തുണ്ട് എന്നതാണ് തിരഞ്ഞെടുപ്പിലെ കൗതുകം.


