ഗസയിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടെ കൂട്ടക്കുരുതി നടത്തുന്നതിന് ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍.(Israel using AI weapons system co-produced with Indian firm) അദാനി ഡിഫന്‍സ് ആന്റ് എയ്റോസ്പേസ് കമ്പനിയുമായി ചേര്‍ന്ന് നിര്‍മിച്ചതാണ് ഈ അത്യാധുനിക യന്ത്രത്തോക്കുകള്‍. സാധാരണ യന്ത്രത്തോക്കുകളെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കില്ലിങ് മെഷീനുകളാക്കി മാറ്റിയാണ് സൈന്യം ഉപയോഗിക്കുന്നത്.
|
ഒക്ടോബര്‍ 7ന് ശേഷം ഇസ്രായേല്‍ ഗസയില്‍ നടത്തിയ അധിനിവേശത്തില്‍ അര്‍ബല്‍ എന്ന് വിളിക്കുന്ന ഈ തോക്കുകളാണ് ഉപയോഗിക്കുന്നത്. ഒരൊറ്റ ഉണ്ട പോലും പാഴാവാത്ത രീതിയില്‍ ലക്ഷ്യ സ്ഥാനം ഉറപ്പാക്കുകയും മരണ നിരക്ക് കുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നതാണ് ഈ തോക്കുകള്‍. ഇസ്രായേലിന്റെ ടാവോര്‍, കാര്‍മല്‍, നെഗവ് തുടങ്ങിയ തോക്കുകളില്‍ എഐ സാങ്കേതിക വിദ്യ സന്നിവേശിപ്പിച്ചാണ് ഈ തോക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.
ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 44,000ഓളമാണെന്നാണ് പുറത്തുവരുന്ന കണക്കുകളെങ്കിലും അതിലും എത്രയോ ഇരട്ടിവരുമെന്നാണ് ചില റിപോര്‍ട്ടുകള്‍. ഗസയില്‍ പ്രവര്‍ത്തിച്ചിരുന്ന 100ഓളം യുഎസ് ഡോക്ടര്‍മാര്‍ പ്രസിഡന്റ് ജോ ബൈഡന് അയച്ച കത്തില്‍ പറയുന്നത് ഒക്ടോബര്‍ വരെ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,18,000ല്‍ കൂടുതല്‍ വരുമെന്നാണ്. യുകെ മെഡിക്കല്‍ ജേണലായ ലാന്‍സറ്റിന്റെ കണക്ക് പ്രകാരം മരണ സംഖ്യ 1,80,000ആണ്.

ഗസയിലെ എഐ യുദ്ധത്തില്‍ ഇന്ത്യന്‍ കമ്പനിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ആയുധമാണ് അര്‍ബല്‍. 2022ല്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന പ്രതിരോധ പ്രദര്‍ശനത്തിലാണ് അര്ബലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. ഇസ്രായേലി വെപണ്‍ ഇന്‍ഡസ്ട്രീസ്(ഐഡബ്ല്യുഐ), അദാനി ഡിഫന്‍സ് ആന്റ് എയ്റോസ്പേസ് എന്നിവ സംയുക്തമായാണ് ഈ തോക്ക് നിര്‍മിക്കുന്നതെന്നായിരുന്നു പ്രഖ്യാപനം.
ആ സമയത്ത് ഇന്ത്യയിലെ ആദ്യത്തെ എഐ അടിസ്ഥാനമാക്കിയുള്ള തോക്കായി ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ 2024 ഏപ്രിലില്‍ ഐഡബ്ല്യുഐ ഈ തോക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അദാനി കമ്പനിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. 2023 ഒക്ടോബര്‍ മുതല്‍ ഇവ ഗസയില്‍ ഉപയോഗിക്കുന്നുവെന്ന കാര്യവും കമ്പനി മിണ്ടിയില്ല.
പൊതുസമൂഹത്തില്‍ നിന്നുള്ള വിമര്‍ശനവും ചില രാജ്യങ്ങളുടെ ഭാഗത്ത് നിന്നുള്ള നടപടികളും ഭയന്നാവാം അദാനി കമ്പനിയുടെ പേര് മിണ്ടാത്തതെന്നാണ് സംശയിക്കുന്നത്. നേരത്തേ ഇസ്രായേലിലേക്ക് ഡ്രോണുകള്‍ നല്‍കിയതിന്റെ പേരില്‍ അദാനി കമ്പനിക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ഗസയിലെ കൂട്ടക്കുരുതിയില്‍ ഇസ്രായേലി കമ്പനികള്‍ക്കെതിരേ ചില രാജ്യങ്ങളില്‍ നിന്ന് വരാനിടയുള്ള ഉപരോധ നടപടികളെയും അദാനി ഭയക്കുന്നുണ്ടാവണം.


