22
Nov 2024
Tue
22 Nov 2024 Tue
Surendran isolated in Kerala BJP, leadership meeting in Kochi today

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കെ സുരേന്ദ്രനെതിരെ പാര്‍ടിക്കുള്ളില്‍ വമ്പന്‍ പടയൊരുക്കമാണ് നടക്കുന്നത്.. സ്വന്തം പക്ഷത്തായിരുന്ന മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ളവര്‍ കൈവിട്ടതോടെയാണ് സുരേന്ദ്രന്‍ ഒറ്റപ്പെട്ടത്. നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് സുരേന്ദ്രനെതിരെ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലുമെല്ലാമായി രംഗത്തെത്തിയത്. ഇതോടെ സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനം തെറിക്കുമന്ന് ഉറപ്പായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സി കൃഷ്ണകുമാര്‍ അല്ല സ്ഥാനാര്‍ഥി എങ്കില്‍ വിജയം ഉറപ്പായിരുന്നു എന്നും പാര്‍ടിയുടെ മേല്‍ക്കൂരയ്ക്ക് കാര്യമായ പ്രശ്‌നമുണ്ടെന്നുമുള്ള മുതിര്‍ന്ന നേതാവ് ശിവരാജന്റെ പ്രതികരണവും സുരേന്ദ്രനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.

സുരേന്ദ്രന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ചയുണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്നാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ കുറിപ്പില്‍ അഭിപ്രായപ്പെട്ടത്.

സ്ഥാനാര്‍ഥി നിര്‍ണയം പാളി എന്ന് പാര്‍ടി നേതാക്കളെല്ലാവരും പരസ്യമായി പ്രതികരിച്ചു. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണം എന്നായിരുന്നു കുമ്മനമടക്കമുള്ള നേതാക്കളുടെ അഭിപ്രായം. ഇത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തിന് കത്തെഴുതുകയും ചെയ്തു. എന്നാല്‍ ഇതിനെയെതിര്‍ത്ത് കെ സുരേന്ദ്രന്‍ തനിക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്നാണ് ആക്ഷേപം. പ്രചാരണരംഗത്തു നിന്ന് സുരേന്ദ്രന്‍, കുമ്മനമടക്കമുള്ള നേതാക്കളെ അകറ്റി നിര്‍ത്തിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരമാണ് മുതിര്‍ന്ന നേതാക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ളത്. അതേസമയം, തോല്‍വികള്‍ വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചെതെങ്കിലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയാണ് പ്രധാന ചര്‍ച്ചയാകുക. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ കനത്ത പരാജയമാണ് പാര്‍ട്ടി നേരിട്ടത്. വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് ങാരവാഹികള്‍ യോഗത്തില്‍ ഉന്നയിക്കും.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി ഇവിടെ. ഇത്തവണയും രണ്ടാം സ്ഥാനത്താണെങ്കിലും പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറവുണ്ടായത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമാണ് പാലക്കാട്.

Surendran isolated in Kerala BJP, leadership meeting in Kochi today