ഡമസ്‌കസ്: സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഗ്രാമങ്ങളില്‍ വിമത സേനയുടെ അപ്രതീക്ഷിത മുന്നേറ്റം. (Rebel forces shock Bashar al-Assad; capture several parts of Syria; Iran’s senior military advisor killed) റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യത്തിനെതിരേ പൊരുതുന്ന വിമതര്‍ നിരവധി ഗ്രാമങ്ങള്‍ പിടിച്ചെടുത്തു.
|
ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ‘അതിക്രമത്തിന് മറുപടി’ എന്നപേരില്‍ വിമതര്‍ സൈനിക മുന്നേറ്റം ആരംഭിച്ചത്. വിമത സ്വാധീന പ്രദേശങ്ങളില്‍ ഈയിടെയായി സര്‍ക്കാര്‍ സൈന്യം ആക്രമണം ശക്തമാക്കിയതിനോടുള്ള പ്രതികരണമായായിരുന്നു നീക്കം.
ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം(എച്ച്ടിഎസ്) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പുതിയ പോരാട്ട മുഖം തുറന്നത്. അലെപ്പോ നഗരത്തിന് 10 കിലോമീറ്റര്‍ പടിഞ്ഞാറ് ആണ് എച്ച്ടിഎസിന്റെ സ്വാധീന കേന്ദ്രം.

തുര്‍ക്കി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ നാഷനല്‍ ആര്‍മി സഖ്യത്തിലുള്ള ചില വിമത സംഘടനകളും പുതിയ ഓപറേഷന്റെ ഭാഗമായി. വിമത പോരാളികള്‍ നിരവധി ഗ്രാമങ്ങള്‍ പിടിച്ചെടുത്ത് മുന്നേറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം അതിവേഗം ആലെപ്പോ നഗരത്തിലേക്ക് നീങ്ങുന്നതായാണ് റിപോര്‍ട്ട്.
ഇറാന്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു
അതിനിടെ മുതിര്‍ന്ന ഇറാന്‍ സൈനിക ഉപദേഷ്ടാവ് ആലെപ്പോയില്‍ കൊല്ലപ്പെട്ടു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ബ്രിഗേഡിയര്‍ ജനറല്‍ കൗമാര്‍സ് പൗര്‍ഹാഷ്മിയാണ് കൊല്ലപ്പെട്ടത്. എങ്ങിനെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇസ്രായേലുമായി ബന്ധമുള്ള ഭീകരരാണ് കൊലപാതകം നടത്തിയതെന്നാണ് റവല്യൂഷനറി ഗാര്‍ഡ്‌സ് പ്രസ്താവനയില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുഭാഗത്തുമായി 142 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
തന്ത്രപ്രധാനമായ പല പ്രദേശങ്ങളും പിടിച്ചെടുത്തതായി വിമത നേതാവ് ലഫറ്റനന്റ് കേണല്‍ ഹസന്‍ അബ്ദുല്‍ ഗനി പറഞ്ഞു. ഞങ്ങളുടെ മേഖലയിലേക്ക് ആക്രമണം നടത്തുന്ന സിറിയന്‍, ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന പ്രദേശമാണ് ഇത്. ഞങ്ങളുടെ സൈന്യം 12 സൈനിക ടാങ്കുകള്‍ നശിപ്പിച്ചു. ശത്രു സേനയെ പൂര്‍ണമായും തുരത്തുന്നതു വരെ സൈനിക നീക്കം തുടരും”- അദ്ദേഹം പ്രഖ്യാപിച്ചു.


