ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ് ഓര്‍മിക്കപ്പെടുന്നത് മാധ്യമങ്ങളെ തന്റേടത്തോടെ നേരിട്ട പ്രധാനമന്ത്രി എന്ന നിലയില്‍ കൂടിയാണ്. (A Prime Minister who is not afraid of press conferences; Manmohan Singh) മന്‍മോഹന്‍ സിങിനെ മൗനി ബാബ എന്ന് ഇന്നത്തെ പ്രധാനമന്ത്രിയും അന്നത്തെ മാധ്യമങ്ങളും നിരന്തരം കളിയാക്കിയ വര്‍ഷങ്ങളില്‍ ചരിത്രം തന്നോട് ദയ കാണിക്കുമെന്ന് മാത്രമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ മറുപടി. വിട വാങ്ങുമ്പോള്‍ മാധ്യങ്ങള്‍ നഷ്ടബോധത്തോടെയാണ് അദ്ദേഹത്തെ ഓര്‍മിക്കുന്നത്.
|
പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷങ്ങളില്‍ 117 വാര്‍ത്താസമ്മേളനങ്ങളിലാണ് മന്‍ മോഹന്‍ പങ്കെടുത്തത്. അതില്‍ 72 എണ്ണം വിദേശസന്ദര്‍ശനങ്ങളിലായിരുന്നു. 23 എണ്ണം ആഭ്യന്തരതലത്തിലോ സംസ്ഥാന സന്ദര്‍ശനങ്ങളിലോ ആയിരുന്നെങ്കില്‍ 12 എണ്ണം തെരഞ്ഞെടുപ്പുകളുമായോ രാഷ്ട്രീയ സംഭവങ്ങളുമായോ ബന്ധപ്പെട്ടായിരുന്നു.
ഈ വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുകളുണ്ടായിരുന്നില്ലെന്നും നേരത്തെ പറഞ്ഞുറപ്പിച്ച ചോദ്യങ്ങളെ പാടുള്ളു എന്ന നിബന്ധനയുണ്ടായിരുന്നില്ലെന്നും പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഇന്ന് ഓര്‍ത്തെടുക്കുന്നുണ്ട്.
സ്വന്തക്കാരായ മാധ്യമങ്ങളുടെ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ മാത്രം ഇരുന്ന് കൊടുക്കുന്ന മോദി കാലഘട്ടത്തില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി തിരിച്ചുവന്നിരുന്നെങ്കിലെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചവരേറെയാണ്.
മറുചോദ്യങ്ങള്‍ ഉയരില്ലെന്ന് ഉറപ്പുള്ള മഹാസമ്മേളനങ്ങളിലോ, നേരത്തെ തയ്യാറാക്കിയ കുറ്റമറ്റ വീഡിയോ മെസേജുകളോ മാത്രമായി സംസാരിക്കുന്ന ഇന്നത്തെ പ്രധാനമന്ത്രിക്കെതിരെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വിമര്‍ശനത്തിനായി ഉപയോഗിച്ചതും മന്‍മോഹന്‍ സിംഗിന്റെ വാര്‍ത്താസമ്മേളനങ്ങളുടെ കണക്കുകളായിരുന്നു.
പ്രധാന മന്ത്രിയെന്ന നിലയില്‍ 2014ല്‍ നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി അറിയിക്കാത്ത 62 ചോദ്യങ്ങള്‍ക്കാണ മന്‍മോഹന്‍ സിംഗ് മറുപടി നല്‍കിയത്. നൂറോളം മാധ്യമപ്രവര്‍ത്തകര്‍ അന്നവിടെ സന്നിഹിതരായിരുന്നു. അത് മന്‍മോഹന്‍ സിംഗിന്റെ അവസാന വാര്‍ത്താസമ്മേളനം മാത്രമായിരുന്നില്ല, 2014ന് ശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനം കൂടിയായിരുന്നു.





