ന്യൂഡല്‍ഹി: വലിയ വരുമാനമുള്ള ക്ഷേത്രങ്ങളുടെ നിയന്ത്രണം പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ പദ്ധതി തയ്യാറാക്കി സംഘപരിവാരം. (Sangh Parivar plans to seize control of temples; VHP announces nationwide campaign) ഇതിന് വേണ്ടി ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടിയെന്ന പേരില്‍ വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപക പൊതുജന ബോധവത്കരണ കാമ്പയിന് പ്രഖ്യാപിച്ചു.
|
ഹിന്ദു സമൂഹത്തോട് വിവേചനം തുടരുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളുടെ നിയന്ത്രണം, ഭരണം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകളും മാറിനില്‍ക്കണമെന്ന് വിഎച്ച്പി സംഘടനാ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഎച്ച്പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്യാസിമാരുടെയും സംഘപരിവാരവുമായി ബന്ധപ്പെട്ട പ്രമുഖരുടെയും നേതൃത്വത്തില്‍ ജനുവരി 5 മുതലാണ് പൊതുജന ബോധവല്‍ക്കരണ കാമ്പയിന് ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ഹിന്ദു ശംഖാരവം എന്ന മഹാ സമ്മേളനത്തോടെ പ്രചാരണത്തിന് തുടക്കമാകും.
സ്വാതന്ത്ര്യലബ്ധിയോടെ അവസാനിക്കേണ്ടിയിരുന്ന ഹിന്ദു വിരുദ്ധ നീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് മിലിന്ദ് പരാണ്ഡെ ആരോപിച്ചു. ക്ഷേത്രങ്ങള്‍ ഹിന്ദു സമൂഹത്തിന് ഇനിയും കൈമാറിയിട്ടില്ല. ഭരണഘടനയുടെ 12-ാം അനുച്ഛേദമാണ് ഇതു വഴി ലംഘിച്ചത്. പല ഹൈക്കോടതികളും സുപ്രീം കോടതിയും വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ നടത്തിപ്പും സ്വത്തുക്കളും ഏറ്റെടുക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര നടത്തിപ്പും നിയന്ത്രണവും ഹിന്ദു സമൂഹത്തിന് കൈമാറണം. ഇക്കാര്യത്തില്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകര്‍, വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, സന്യാസിമാര്‍, വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചു. ക്ഷേത്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കരട് തയാറാക്കിയതായും മിലിന്ദ് പരാണ്ഡെ പറഞ്ഞു.
സര്‍ക്കാരുകള്‍ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് കൈമാറുമ്പോള്‍ അത് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ വരുമെന്ന് ഉറപ്പാക്കാനും വിഎച്ച്പി ക്രമീകരണം വരുത്തിയിട്ടുണ്ട്. ഇതിനായി സംഘപരിവാര അനുകൂലികളായ ആചാര്യന്മാരും പണ്ഡിതരും വിരമിച്ച ജസ്റ്റിസുമാരും അടങ്ങുന്ന സംസ്ഥാന തല ധര്‍മ്മ പരിഷത്തുകള്‍ രൂപീകരിക്കാനാണ് പദ്ധതി. ഇതിന്റെ തുടര്‍ച്ചയായി ജില്ലാ പരിഷത്തുകളും ക്ഷേത്ര സമിതികളും രൂപീകരിക്കും. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗം പ്രതിനിധികളെയും ഈ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് മിലിന്ദ് പരാണ്ഡെ പറയുന്നത്.
തിരുപ്പതി ദേവസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പദ്ധതി രേഖ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കഴിഞ്ഞ ദിവസം കൈമാറി. മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സമാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മിലിന്ദ് പരാണ്ഡെ പറഞ്ഞു.
ക്ഷേത്ര വിമോചനം ആവശ്യപ്പെട്ട് സപ്തംബര്‍ 30ന് വിഎച്ച്പി രാജ്യത്തെ എല്ലാ ഗവര്‍ണര്‍മാര്‍ക്കും നിവേദനം സമര്‍പ്പിച്ചിരുന്നു.
ക്ഷേത്രങ്ങളിലും എന്‍ഡോവ്മെന്റ് വകുപ്പുകളിലും നിയമിക്കപ്പെട്ട എല്ലാ അഹിന്ദുക്കളെയും പിരിച്ചുവിടണമെന്ന് നിവേദനം ആവശ്യപ്പെടുന്നു.
ആരാധനയിലും ഈശ്വരനിലും വിശ്വാസമുള്ള ഹിന്ദുക്കളെ മാത്രമേ ജോലിക്ക് എടുക്കാവൂ. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള ആളുകളെ ക്ഷേത്ര ട്രസ്റ്റികളിലും ഭരണത്തിലും ഉള്‍പ്പെടുത്തരുത്.ക്ഷേത്രഭൂമിയിലെ അനധികൃത നിര്‍മാണങ്ങളും നീക്കം ചെയ്യണം. ക്ഷേത്രങ്ങളിലെ വരുമാനം ഹിന്ദു ധര്‍മ്മ പ്രചാരണത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ചെലവഴിക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.





