കോഴിക്കോട്: പൂനെയില്‍ നിന്ന് കാണാതായ മലയാളി യുവ സൈനികനെ കണ്ടെത്തി. കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗളൂരുവില്‍നിന്നാണ് കണ്ടെത്തിയതെന്ന് കുടുംബം അറിയിച്ചു. ബംഗളൂരു മജസ്റ്റിക് റെില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഏലത്തൂര്‍ പൊലീസ് വിഷ്ണുവിനെ കണ്ടെത്തുന്നത്. സുഹൃത്തുക്കളില്‍ നിന്നാണ് വിഷ്ണുവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്നാണ് സൂചന.
|
ഡിസംബര്‍ 17 മുതലാണ് വിഷ്ണുവിനെ കാണാതായത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മാറിനില്‍ക്കുകയായിരുന്നു എന്നാണ് വിഷ്ണു പൊലീസിന് മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 11ന് വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്.
ഡിസംബര്‍ 17ന് നാട്ടിലേക്ക് വരുന്നു എന്ന് ബന്ധുക്കളെ അറിയിച്ച ശേഷമാണ് വിഷ്ണു അപ്രത്യക്ഷനായത്. 17ന് പുലര്‍ച്ചെ കണ്ണൂരില്‍ എത്തിയെന്ന് അമ്മയെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. പരിശോധനയില്‍ ഫോണിന്റെ ലൊക്കേഷന്‍ മുംബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വിഷ്ണുവിന് വേണ്ടി വ്യാപക തിരച്ചിലാണ് നടത്തിയത്. മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയും വരികയുണ്ടായി. ഇതിനിടെയാണ് ഇന്നലെ കണ്ടെത്തുന്നത്.
ഇന്ത്യന്‍ ആര്‍മി ബോക്‌സിംഗ് ടീം അംഗം കൂടിയാണ് വിഷ്ണു.


