|
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അന്തരിച്ച വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരം. കലോത്സവത്തിന്റെ പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി മാറ്റി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഭാരതപ്പുഴ എന്ന പേരാണ് എംടി- നിള എന്ന് പുനര്‍നാമകരണം ചെയ്തത്.
‘അറിയാത്ത അദ്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന, മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന, എന്റെ നിളാനദിയാണെനിക്കിഷ്ടം’ എന്ന എംടിയുടെ നിളയെ കുറിച്ചുള്ള പ്രശസ്തമായ ഉദ്ധരണി വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആലേഖനം ചെയ്യാനും തീരുമാനിച്ചു.
63ാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് വച്ചാണ് നടക്കുന്നത്. നഗരത്തിലെ 25 വേദികളിലായിട്ടാണ് ഏകദേശം പതിനായിരം കുട്ടികള്‍ പങ്കെടുക്കുന്ന 249 മത്സര ഇനങ്ങള്‍ അരങ്ങേറാന്‍ പോകുന്നത്. കലോത്സവ ചരിത്രത്തില്‍ ആദ്യമായി 5 ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവും.
Respect for MT: MT-Nila will now be the main venue for the school festival


