കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊല കേസില്‍ കൊച്ചി സിബിഐ കോടതി ഇന്ന് ശിക്ഷാവിധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ മുന്‍ ഉദുമ എംഎല്‍എയും സിപിഎം നേതാവുമായ കെ.വി കുഞ്ഞിരാമന്‍ അടക്കം 14 പേര്‍ക്കാണ് ശിക്ഷ വിധിക്കുക. കേസിലെ സിപിഎമ്മിന്റെ നാല് നേതാക്കള്‍ അടക്കം 14 പേര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുക. നിഷ്ഠൂരമായ കൊലപാതകമായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
|
മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, മുന്‍ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചതിന്റെ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊച്ചി സിബിഐ കോടതിയിലെ ജഡ്ജി എന്ന ശേഷാദ്രിനാഥനാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.
ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കലടക്കമുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്. ഇവ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ്. ഒന്നാം പ്രതിയായ പീതാംബരന്‍, നാലാംപ്രതി അനില്‍കുമാര്‍, ഏഴാം പ്രതി അശ്വിന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് അധികമായി ചുമത്തി.
2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷും ശരത്ത്‌ലാലും വെട്ടേറ്റ് കൊല്ലപ്പെട്ടത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Periya double murder case: The accused will be sentenced today


