കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം നേടിയിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണൂര്‍. (Bobby chemmanur did not come out of jail) റിമാന്‍ഡ് കാലാവധി കഴിഞ്ഞ തടവുകാരെ പുറത്ത് വിടാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കൂടി കാക്കനാട് ജില്ലാ ജയിലില്‍ തുടരുമെന്നാണ് വിശദീകരണം.
|
അതേസമയം, മകര വിളക്ക് ഉള്‍പ്പെടെ വാര്‍ത്താ പ്രാധാന്യമുള്ള മറ്റ് സംഭവങ്ങളുള്ളതിനാല്‍ ഇന്ന് പുറത്തിറങ്ങിയാല്‍ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാത്തതിനാലാണ് ബോബി ജയിലില്‍ തുടരുന്നതെന്നാണ് സൂചന.
ജാമ്യവ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി പല തടവുകാര്‍ക്കും 10,000 മുതല്‍ 50,000 രൂപവരെ ബോണ്ടും ആള് ജാമ്യവും ഏര്‍പ്പെടുത്തിയാണ് ജാമ്യം അനുവദിക്കാറുള്ളത്. എന്നാല്‍, ഇതിനു സാധിക്കാതെ നിരവധി പേര് ജയിലില്‍ തുടരുകയാണെന്നും ഇവര്‍ക്ക് ഐക്യദാര്‍ഢ്യമെന്ന നിലയില്‍ ജയിലില്‍ തുടരുകയാണെന്നാണ് ബോബിയുടെ വാദം. ബുധനാഴ്ച പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥന് അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശിച്ചാണ് ബോബിക്ക് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
കേസ് പരിഗണിക്കവെ ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണൂര്‍ ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. ഹരജിയില്‍ വീണ്ടും നടിയെ അപമാനിച്ചതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ഹണി റോസ് വലിയ ആളല്ലെന്നായിരുന്നു ഹരജിയിലെ പരാമര്‍ശം. ഇതില്‍ കോടതി അതൃപ്തി അറിയിച്ചതോടെ അത് നീക്കാമെന്ന് ഹരജിക്കാരന് കോടതിയില്‍ വ്യക്തമാക്കി.
പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു. സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി ഉറപ്പു നല്‍കുമെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.


