23
Jan 2025
Wed
23 Jan 2025 Wed
Businessman Bobby Chemmanur to be released from prison today

കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. ആറ് ദിവസത്തെ റിമാന്‍ഡിന് ശേഷം ബോബി ചെമ്മണൂരിന് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിലീസ് ഓര്‍ഡര്‍ സഹപ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്നതോടെ ബോചെക്ക് ജയിലില്‍നിന്ന് ഇറങ്ങാനാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഭിഭാഷകര്‍ അറിയിച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തില്‍ ഏര്‍പ്പെടരുത് എന്നീ കര്‍ശന ഉപാധികളുടെയാണ് ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്.

ബോബി ചെമ്മണൂരിന്റെ നടപടി പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ഈ മാസം 9 നാണ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലില്‍ അടച്ചത്

ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ അഭിഭാഷകരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങുകയായിരുന്നു. കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ബോബിയുടെ നാടകമാണിതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇന്നും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ജയില്‍മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതുള്‍പ്പെടെയുള്ള കടുത്ത നിലപാട് സ്വീകരിക്കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം.

മകര വിളക്ക് ഉള്‍പ്പെടെ വാര്‍ത്താ പ്രാധാന്യമുള്ള മറ്റ് സംഭവങ്ങളുള്ളതിനാല്‍ ഇന്നലെ പുറത്തിറങ്ങിയാല്‍ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാത്തതിനാലാണ് ബോബി ജയിലില്‍ തുടരുന്നതെന്നും സൂചനയുണ്ടായിരുന്നു.

ജാമ്യവ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി പല തടവുകാര്‍ക്കും 10,000 മുതല്‍ 50,000 രൂപവരെ ബോണ്ടും ആള്‍ ജാമ്യവും ഏര്‍പ്പെടുത്തിയാണ് ജാമ്യം അനുവദിക്കാറുള്ളത്. എന്നാല്‍, ഇതിനു സാധിക്കാതെ നിരവധി പേര്‍ ജയിലില്‍ തുടരുകയാണെന്നും ഇവര്‍ക്ക് ഐക്യദാര്‍ഢ്യമെന്ന നിലയില്‍ ജയിലില്‍ തുടരുകയാണെന്നാണ് ബോബിയുടെ വാദം.

കേസ് പരിഗണിക്കവെ ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണൂര്‍ ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. ഹരജിയില്‍ വീണ്ടും നടിയെ അപമാനിച്ചതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ഹണി റോസ് വലിയ ആളല്ലെന്നായിരുന്നു ഹരജിയിലെ പരാമര്‍ശം. ഇതില്‍ കോടതി അതൃപ്തി അറിയിച്ചതോടെ അത് നീക്കാമെന്ന് ഹരജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.

പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു. സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി ഉറപ്പു നല്‍കുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്

Businessman Bobby Chemmanur to be released from prison today